യാഥാർത്ഥ്യങ്ങളെ മറച്ചു പിടിക്കുന്ന സംസ്ഥാന ബജറ്റ്:
സി.പി.ഐ (എം എൽ) റെഡ് സ്റ്റാർ, സംസ്ഥാന കമ്മിറ്റി
സംസ്ഥാനത്തിന്റെ പൊതു കടം സൃഷ്ടിക്കുന്ന പ്രതിസന്ധികൾ വിവിധ രൂപത്തിൽ കേരള ജനത അഭിമുഖീകരിച്ചു തുടങ്ങിയിരിക്കെയാണ് രണ്ടാം പിണറായി സർക്കാറിൻ്റെ അവസാന ബജറ്റ് ധനമന്ത്രി ബാലഗോപാൽ നിയമ സഭയിൽ അവതരിപ്പിച്ചിരിക്കുന്നത്.
കട പ്രതിസന്ധി കേരള സമ്പദ്ഘടനയെ അതീവ ദുർബ്ബലമാക്കി കൊണ്ടിരിക്കെ ബജറ്റ് അവതരണ വേളയിൽ ധനമന്ത്രി ബാലഗോപാൽ പൊതു കടം (ധന കമ്മി )കുറച്ചു കൊണ്ടുവരാൻ കഴിഞ്ഞു എന്നു പറയുമ്പോഴും കേരളപ്പിറവിക്കു ശേഷം പിണറായി സർക്കാർ 2016 ൽ അധികാരത്തിലെത്തുന്നത് വരെ ഉണ്ടായിരുന്ന പൊതു കടം 1, 57 370 കോടിയിൽ നിന്നും പിണറായി ഭരിച്ച വെറും പത്തുവർഷം കൊണ്ട് ഏതാണ്ട് മൂന്നര ലക്ഷം കോടിയായി (ഇരട്ടിയിൽ അധികം) വർദ്ധിച്ചു എന്നത് മറച്ചുവെക്കുകയാണ്.
ഈ കടബാധ്യതകൾ സംസ്ഥാനത്തെ
കടുത്ത സാമ്പത്തിക സമ്മർദ്ദത്തിലാക്കുമ്പോൾ കടം തിരിച്ചടയ്ക്കാൻ
പൊതു സേവനങ്ങൾ പരിമിതപ്പെടുത്തി
നികുതികൾ വർദ്ധിപ്പിച്ചേ സർക്കാറിന് നിലനിൽകാനാവൂ എന്ന അവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്.
അടിസ്ഥാന സൗകര്യ വികസനത്തിനും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സമൂഹ്യ സേവന പദ്ധതികൾക്കും ഫണ്ട് കണ്ടത്താൻ കഴിയാതെ വരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന നവലിബറൽ നയങ്ങൾ
തൊഴിൽ അവസരങ്ങൾ നിഷേധിക്കുന്നതിലേക്കും
സാമ്പത്തിക വളർച്ച മന്ദഗതിയിലാക്കുകയുമാണു ചെയ്യുന്നത്. സർക്കാർ ജീവനക്കാരുടെ ശംബളത്തിനും സാമൂഹ്യ ക്ഷേമപെൻഷനുകൾക്കും ഇതര ദൈനംദിന ചെലവുകൾക്കുപോലും വീണ്ടും വീണ്ടും കടമെടുക്കേണ്ടി വരുന്ന വർത്തമാന യാഥാർത്ഥ്യത്തെ മറച്ചു വെക്കുകയാണ് ഈ ബജറ്റ് പ്രഖ്യാപനത്തിലൂടെ ധനമന്ത്രി ചെയ്യുന്നത്..
സർക്കാറിൻ്റെ കാലാവധി പൂർത്തിയാവാൻ 2 മാസം മാത്രം അവശേഷിച്ചിരിക്കെ വോട്ട് ഓൺ അക്കൗണ്ട് പാസ്സാക്കാതെ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിച്ചു കൊണ്ട് തെരഞ്ഞടുപ്പ് പ്രകടന പത്രികയിലെന്ന വണ്ണം വാഗ്ദാന കിറ്റുകൾ തയാറാക്കിയിരിക്കുകയാണ് ധനമന്ത്രി.
മെയ് ആദ്യവാരം നടക്കാൻ പോകുന്ന തെരഞ്ഞടുപ്പിൽ വോട്ട് ലക്ഷ്യം വെച്ചു കൊണ്ടുള്ളതാണ് ഒരോ ബജറ്റ് നിർദ്ദേശങ്ങളും എന്ന് വിളിച്ചോതുന്നുണ്ട്. അതുകൊണ്ടാണ് സാധാരണ തെരഞ്ഞെടുപ്പു കാലത്തെന്നപോലെ സ്വപ്ന ബജറ്റ് അല്ലന്നും നല്ല നാളേക്കു വേണ്ടിയുള്ള ബജറ്റ് എന്നും മുൻകൂറായി ധനമന്ത്രിക്ക് ബജറ്റ് അവതരണ വേളയിൽ പ്രഖ്യാപിക്കേണ്ടി വന്നത്.
17000 കോടി വരുമാനത്തിൽ ഇക്കഴിഞ്ഞ വർഷവും കുറവു ഉണ്ടാകുമ്പോഴും 14500 കോടി രൂപ ക്ഷേമ പദ്ധതികൾക്കായി വകയിരുത്തി ബജറ്റ് അവതരിപ്പിക്കുമ്പോൾ
രണ്ടു മാസങ്ങൾക്കുള്ളിൽ ഏത് ഗവർമ്മെണ്ട് അധികാരത്തിൽ വന്നാലും പുതിയ ബജററ് അവതരണം അനിവാര്യമായിരിക്കെ എന്ത് ഗാരൻ്റിയാണ് ഇത്തരം വാഗ്ദാനങ്ങൾക്കുള്ളത് എന്ന് ധനമന്ത്രി പറയുന്നില്ല.
ഗ്രാമപ്രദേശങ്ങളിൽ 35% യുവജനങ്ങൾ നേരിടുന്ന തൊഴിലില്ലായ്മ പ്രശ്നങ്ങളെയും, വിലക്കയറ്റം കാരണം അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കഷ്ടപ്പെടുന്ന, വരുമാനം ഇല്ലാതെ ജീവിത ചെലവ് ഭീമമായി വർദ്ധിക്കുകയും ചെയ്യുന്ന ഭൂരിപക്ഷം സാധാരണക്കാരെയോ ബജറ്റ് കാണുന്നില്ല. കയ്യടി നേടാൻ പാകത്തിൽ ബജറ്റ് വാഗ്ദാനങ്ങൾ നൽകുന്നു എന്നതിനപ്പുറം പാർശ്വവൽക്കരിപ്പെടുന്ന ജനങ്ങളുടെ ഭൂപ്രശ്നമോ , തൊഴിലില്ലായ്മ പരിഹാരമോ ഒന്നും ബജറ്റ് സ്പർശിക്കുന്നു പോലുമില്ല .സമൂഹത്തിൻ്റെ അടിത്തട്ടിൽ കഴിയുന്ന , ഭൂരഹിതരും, പാർപ്പിട രഹിതരുമായ ജനതയുടെ പ്രശ്നം ബാലഗോപാലിനെ അലട്ടാത്തത് കേരളം അതി ദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ച്
” നാടകം” നടത്തിയിട്ട് ഏറെ ആയില്ല എന്നത് കൊണ്ടാണല്ലോ.
ഫെഡറൽ സംവിധാനങ്ങളെ തകർത്തു കൊണ്ട് സംസ്ഥാനങ്ങളുടെ വിഭവങ്ങൾ കൊള്ളയടിക്കുക എന്ന ലക്ഷ്യത്തോടെ മോദി സർക്കാർ ജി എസ്സ്. ടി സംവിധാനം കൊണ്ടുവന്നപ്പോൾ അതിനെ ആദ്യം തന്നെ സർവ്വാത്മനാ ഉയർത്തിപ്പിടിച്ചത് പിണറായി സർക്കാർ ആണ്. പിണറായി മന്ത്രിസഭയയിലെ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കാണ് മോദിയുടെ GST ക്ക് വേണ്ടി ശക്തമായി നിലകൊണ്ടത്.
ഐസക്കിൻ്റെ പിൻമുറക്കാരനായ ബാലഗോപാലിൻ്റെ ബജറ്റ് പ്രസംഗത്തിൽ ജിഎസ്ടിയെ പഴിചാരി ശാപവാക്കുകൾ ഉരുവിടുമ്പോൾ തങ്ങളുടെ പഴയ നിലപാടുകളിലൂടെ മോദി സർക്കാറിലുള്ള വിധേയത്വം മറച്ചു വെക്കുകയാണ്.
കേരള സമ്പദ്ഘടനയുടെ തകർച്ചയിലേക്ക് നയിച്ചത് പിണറായി സർക്കാറിൻ്റെ ഇത്തരം നയങ്ങളാണന്ന കാര്യവും ബാലഗോപാൽ സൗകര്യപൂർവ്വം മൂടിവെക്കുന്നു.
കേരളത്തിൻ്റെ പ്രകൃതിയേയും സമ്പദ്ഘടനയെ തന്നെയും തകർക്കുമായിരുന്ന
കെ. റെയിൽ പദ്ധതിയെ കേരള ജനത ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിച്ചതാണ്.
ഭരണ കാലാവധി അവസാനിക്കാൻ വെറും രണ്ടു മാസം മാത്രമുള്ളപ്പോൾ അവതരിപ്പിക്കുന്ന ഈ ബജറ്റിലാകട്ടെ 86000 കോടി രൂപയുടെ അതിവേഗ റെയിൽ വേ പദ്ധതി എന്ന പേരിൽ മറ്റൊരു പദ്ധതി മുന്നോട്ട് വെച്ചിരിക്കുകയാണ്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 4 ഘട്ടങ്ങളിലായി 12 വർഷം കൊണ്ട് പൂർത്തീകരിക്കുന്ന പദ്ധതിയാണിത് എന്നാണ് ബജറ്റിൽ ധനമന്ത്രി പറയുന്നത്.പ്രാരഭ പ്രവർത്തനങ്ങൾക്ക് 100കോടി രൂപ ബജറ്റിൽ നീക്കിവെച്ചിരിക്കുകയുമാണ്.
SC, ST വിഭാഗങ്ങളുടെ ഉന്നമനത്തിനായി 3507കോടി നീക്കിവെച്ചു എന്ന പ്രഖ്യാപനത്തിനപ്പുറം നവലിബറൽ നയങ്ങൾ കാരണം അങ്ങേയറ്റം പാർശ്വവൽക്കരിക്കപ്പെടുന്ന പട്ടികജാതി -പട്ടികവർഗ്ഗ – മറ്റ് പിന്നോക്ക വിഭാഗങ്ങളുടെ
ഉന്നത വിദ്യാഭ്യാസത്തിനു നൽകി കൊണ്ടിരുന്ന ലപ്സം ഗ്രാന്റ്,സ്കോളർഷിപ്പ് ,
സ്റ്റൈപന്റുകൾ എന്നിവ
കഴിഞ്ഞ പത്തുവർഷമായി കൊടുക്കാത്ത സർക്കാരിൻ്റെ ആത്മാർത്ഥതയെയാണ് സ്വയം തുറന്ന് കാട്ടുന്നത്.മുടങ്ങി പോയ ഈ വിദ്യാഭ്യാസനുകൂല്യങ്ങൾ കുടിശ്ശിക തീർത്ത് വിതരണം ചെയ്യാനുള്ള തുക ഈ ബജറ്റിലും വകയിരുത്തിയിട്ടില്ല.
കന്യാസ്ത്രീകൾക്കും സന്യാസിനികൾക്കും പെൻഷൻ പ്രഖ്യാപിച്ച LDF കന്യാസ്ത്രീകളുടെ മറവിൽ കോടാനുകോടി ആസ്തിയുള്ള മത കേന്ദ്രങ്ങളെ സാമ്പത്തികമായി സഹായിക്കുകയും മതപ്രീണനത്തിലൂടെ വോട്ടുബാങ്ക് രാഷ്ട്രീയാടിത്തറ ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം വെക്കുന്നത്.
മതസ്ഥാപനങ്ങൾക്ക് വേണ്ടി സേവനമനുഷ്ടിക്കുന്നവരെ സംരക്ഷിക്കുവാനുള്ള ബാധ്യത അതത് സ്ഥാപനങ്ങൾക്കാണ് .
ഇത്തരം ആനുകൂല്യങ്ങൾ മതത്തിൻ്റെ ചുമതലയിൽ നിന്ന് അടർത്തിമാറ്റി പൊതു സമൂഹത്തിൻ്റെ ബാദ്ധ്യതയാക്കി മാറ്റുകയാണ് ബാലഗോപാലിൻ്റെ ബജറ്റ്. അതുപോലെ എയിഡഡ് അദ്ധ്യാപക നിയമനത്തിന് കോഴപ്പണം പറ്റുന്ന മത സംഘടനകളെ ശക്തിപ്പെടുത്തുന്ന നിലപാടുകളാണ് പിണറായി സർക്കാരിൻ്റെ അവസാന ബജറ്റിൻ പ്രതിഫലിക്കുന്നത്. ഫലത്തിൽ സാധാരണക്കാരായ
മനുഷ്യരെ, കബളിപ്പിക്കുന്നതിനും അധികാരത്തിൽ മൂന്നാമൂഴം ഉറപ്പിക്കുന്നതിനും വേണ്ടിയുള്ള സ്വപ്ന ബജറ്റ് തന്നെ.
കേരള സംസ്ഥാന കമ്മിറ്റി,
സി.പി.ഐ (എം എൽ) റെഡ് സ്റ്റാർ,
എറണാകുളം,
30-01-2026.
