സംസ്ഥാന കമ്മിറ്റി,
സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ
മുഖ്യമന്ത്രി വി.ഡി. സതീശൻ കേരള നിയമസഭയിൽ തൻ്റെ ഗവൺമെൻ്റ് അവതരിപ്പിക്കാൻ പോകുന്ന ആദ്യ ബജറ്റിൻ്റെ മുന്നോടിയായി ഒരു ധവളപത്രം അവതരിപ്പിച്ചിരിക്കുകയാണ്. ധനവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തൻ്റെ ഗവൺമെൻ്റിൻ്റെ നിലവിലുള്ള സാമ്പത്തിക വിഷയങ്ങളോടുള്ള നിലപാടുകൾ, കണക്കുകൾ, നയ രേഖകൾ എന്നിവയാണ് 195 പേജുകളുള്ള ധവളപത്രത്തിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.
സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി ജനങ്ങളെ ഗുരുതരമായി ബാധിച്ചു തുടങ്ങിയിരിക്കുന്ന സവിശേഷമായ സാഹചര്യത്തിലാണ് ഈ ധവളപത്രം അവതരിപ്പിക്കാൻ സർക്കാർ നിർബന്ധിതമായിരിക്കുന്നത്.
ധവള പത്രത്തിന്റെ ഭരണഘടനാപരമായ വിഷയങ്ങളെ കേന്ദ്രീകരിച്ച് ഭരണ-പ്രതിപക്ഷങ്ങൾ പരസ്പരം പ്രതിക്കൂട്ടിൽ നിർത്തി വിവാദം ആരംഭിച്ചിരിക്കുകയാണ്.
ഗുരുതരമായ സാമ്പത്തിക തകർച്ച നേരിട്ടു കൊണ്ടിരിക്കുന്ന കേരളീയ സമ്പദ്ഘടനയുടെ യഥാർത്ഥ ചിത്രം ഈ വിവാദത്തിലുടെ മായ്ച്ചു കളയാൻ അനുവദിച്ചു കൂട.
യഥാർത്ഥത്തിൽ പുതിയ വിഷയങ്ങളൊ കണ്ടുപിടുത്തങ്ങളൊ ഒന്നും ഈ ധവളപത്രത്തിൽ കണ്ടെത്താൻ കഴിയില്ല.
രാജ്യത്തെ വിപ്ലവ ഇടതുപക്ഷ വിഭാഗങ്ങളും മറ്റ് ജനാധിപത്യ ശക്തികളും, ബുദ്ധിജീവികളും സാമ്പത്തിക വിദഗ്ദ്ധരും നിരന്തരം ഉന്നയിച്ചു കൊണ്ടിരുന്ന വിമർശനം എത്രമാത്രം ഗൗരവമുള്ളതാണെന്ന് വ്യക്തമാക്കുന്ന സൂചനകൾ തന്നെയാണ് ഈ ധവളപത്രത്തിലൂടെ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ഇതിൽ രണ്ടു കാര്യങ്ങൾ ശ്രദ്ധേയമാണ്.
ഒന്ന്,1991 മുതൽ രാജ്യത്ത് നടപ്പിലാക്കിത്തുടങ്ങിയ നവലിബറൽ പരിഷ്കാരങ്ങൾ 35 വർഷം പൂർത്തീകരിക്കുമ്പോൾ സമ്പദ്ഘടനയെയും ജനജീവിതത്തെയും എത്രമാത്രം തകർത്ത് കഴിഞ്ഞു എന്നതാണ്.
രണ്ട്, ”ഇടതു പക്ഷം” എന്ന ലേബലിൽ കഴിഞ്ഞ പത്തു വർഷക്കാലമായി CPM നേതൃത്വത്തിലുള്ള പിണറായി സർക്കാർ പിൻതുടർന്ന ജന വിരുദ്ധമായ നയങ്ങൾ സംസ്ഥാന സമ്പദ്ഘടനയെ തകർത്തെറിയുകയായിരുന്നു എന്ന സത്യവും ഇതോടൊപ്പം പുറത്തു വരികയാണ്. ₹5.07 ലക്ഷം കോടിയുടെ പൊതു കടം സംസ്ഥാനത്തിന് ഉണ്ടെന്ന് ധവളപത്രത്തിൽ വ്യക്തമാക്കുന്നു. എങ്ങിനെയാണ് ഇത്രയും ഭീമമായ ഒരു കടത്തിലേക്ക് നമ്മുടെ സംസ്ഥാനം എത്തിയത്?
കേരളപ്പിറവിക്കു ശേഷം 2016 വരെ അതായത് 60 വർഷം കൊണ്ടുണ്ടായിരുന്ന പൊതു കടം 157,370 കോടി രൂപ ആയിരുന്നുവെങ്കിൽ പിണറായി മുഖ്യമന്ത്രിയായ 10 വർഷം കൊണ്ടാണ് (2016 -2021, 2021 – 2026 ) അഞ്ച് ലക്ഷത്തി ഏഴായിരം കോടി രൂപയായി പൊതു കടം വർദ്ധിച്ചിട്ടുള്ളത്. ഇത് GSDP (സംസ്ഥാന ത്തിൻ്റെ മൊത്ത ഉത്പാദനം) യുടെ 35.5% വരും. ഒന്നു കൂടി വിശദമായി പറഞ്ഞാൽ ചരിത്രപരമായ കാരണങ്ങളാൽ,
റവന്യൂ വരുമാനത്തിന്റെ 77.6% തുക ശമ്പളം, വേതനം, പെൻഷൻ, പലിശ എന്നിവ നൽകാൻ മാത്രമായി ഉപയോഗിക്കേണ്ടിവരുന്ന സംസ്ഥാനമാണ് കേരളം.
പലിശ മാത്രം വരുമാനത്തിന്റെ 20.9% ആണ്. ദേശീയ ശരാശരിയുടെ (12.2%) ഏതാണ്ട് ഇരട്ടി.
കടത്തിന്റെ 5.18% മാത്രമേ ആസ്തി സൃഷ്ടിക്കാൻ അഥവാ അടിസ്ഥാനമേഖലയുടെ വികസനങ്ങൾക്കായി ചെലവഴിക്കാൻ കഴിയുന്നുള്ളൂ.ബാക്കിയെല്ലാം ദൈനംദിന ചെലവ്, റവന്യൂ കമ്മി, പഴയ കടത്തിന്റെ തിരിച്ചടവ് എന്നിവയ്ക്ക് ഉപയോഗിക്കേണ്ടി വരുന്നു.
ഏതെങ്കിലും രീതിയിൽ ഉത്പാദനക്ഷമമായ വികസനമൊ, മൂലധന നിക്ഷേപമൊ ആയിരുന്നില്ല ഈ കട ബാധ്യതയിലേക്ക് കേരളത്തെ എത്തിച്ചത് എന്ന് ചുരുക്കം.
വരുമാനത്തിൽനിന്ന് ഒരു രൂപ ചെലവാക്കുമ്പോൾ അതിൻ്റെ അഞ്ചിലൊന്നു രൂപ കടത്തിന്റെ പലിശയിൽ നമുക്ക് ചെലവഴിക്കേണ്ടിവരുന്നു. വികസന പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്തിന്റെ മൂലധന ചെലവ് GSDP-യുടെ വെറും 1.3% മാത്രമായി പരിമിതപ്പെടുന്നു, ഇതാകട്ടെ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്.
കടബാധ്യതകൾ സംസ്ഥാനത്തെ
കടുത്ത സാമ്പത്തിക സമ്മർദ്ദത്തിലാക്കുമ്പോൾ കടം തിരിച്ചടക്കാൻ
പൊതു സേവനങ്ങൾ പരിമിതപ്പെടുത്തി
നികുതികൾ വർദ്ധിപ്പിച്ചു കൊണ്ടു മാത്രമെ സർക്കാറിന് നിലനിൽക്കാനാവൂ എന്ന അവസ്ഥ സൃഷ്ടിക്കുന്നു.
അടിസ്ഥാന സൗകര്യ വികസനത്തിനും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സമൂഹ്യ സേവന പദ്ധതികൾക്കും ഫണ്ട് കണ്ടെത്താൻ കഴിയാതെ വരുന്നു. ഈ മേഖലകളെ സ്വകാര്യ മൂലധന കുത്തകകളുടെ നിർദ്ദയമായ ചൂഷണത്തിന് വേണ്ടി സർക്കാർ കൈമാറുന്നു. പൊതുമേഖലകൾ വിറ്റഴിക്കുന്നു. ജനക്ഷേമം എന്ന വാക്കുപോലും മറന്ന് പൊതുമേഖല സംരംഭങ്ങൾ കയ്യൊഴിയുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന നവലിബറൽ നയങ്ങൾ
തൊഴിൽ അവസരങ്ങൾ ഇല്ലാതാക്കുന്നതിലേക്കും സാമ്പത്തിക വളർച്ച മന്ദഗതിയിലാക്കുന്നതിലേക്കും നയിക്കുന്നു. സർക്കാർ ജീവനക്കാരുടെ ശമ്പളത്തിനും സാമൂഹ്യക്ഷേമ പെൻഷനുകൾക്കും ഇതര ദൈനംദിന ചെലവുകൾക്ക് പോലും വീണ്ടും വീണ്ടും കടമെടുക്കേണ്ടി വരുന്ന ഒരു കടക്കെണിയിലാണ് കേരളം അകപ്പെട്ടിരിക്കുന്നതെന്ന യാഥാർത്ഥ്യമാണ് ഇതോടെ വെളിവായിരിക്കുന്നത്.
കിഫ്ബിയും കേരളവും:
സംസ്ഥാനത്ത് EK നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് രൂപം കൊണ്ട കിഫ്ബിയുടെ പ്രവർത്തനങ്ങളെക്കുറിച്ച്, അത് സൃഷ്ടിക്കാൻ പോകുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങളെക്കുറിച്ച് ഒരു പക്ഷെ കേരളത്തിൽ എത്രയും വ്യക്തമായി വിശദീകരിച്ച പാർട്ടിയാണ് സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ.
2016 ൽ പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കൊണ്ടുവന്ന നിയമ ഭേദഗതിയിലൂടെ കിഫ്ബിയെ പൂർണ്ണമായും സംസ്ഥാന സർക്കാറിന് പോലും നേരിട്ട് ഇടപെടാൻ കഴിയാത്തവിധം, എന്തിനധികം അവലോകനം പോലും അസാധ്യമാക്കും വിധം ഒരു സമാന്തര ഭരണകേന്ദ്രമാക്കി മാറ്റിത്തീർത്തു. നിയമാനുസൃതം സംസ്ഥാനത്തിൻ്റ അടിസ്ഥാന ആവശ്യങ്ങൾക്കു വേണ്ടി സംസ്ഥാന സർക്കാരിന് തന്നെ ശരാശരി 7% പലിശനിരക്കിൽ കടമെടുക്കൽ സാധ്യമാണ് എന്നിരിക്കെ 9-9.5% പലിശക്കാണ് കിഫ്ബി പണം കടമെടുക്കുന്നത്. ഈ പണമാകട്ടെ നിയമസഭക്ക് പോലും ചോദ്യം ചെയ്യാനാകാതെ ഒരു പിടി ബ്യൂറോക്രാറ്റുകളുടെ മാനദണ്ഡങ്ങൾക്കും തീരുമാനങ്ങൾക്കനുസരിച്ചും
ചെലവഴിക്കപ്പെടുന്നു. അടിസ്ഥാന സൗകര്യ വികസനമെന്നത് കോർപ്പറേറ്റുകളുടെ തീരുമാനങ്ങൾക്ക് വിധേയമായി നിർണ്ണയിക്കപ്പടുകയും അഴിമതിയുടെയും ധൂർത്തിൻ്റെയും പര്യായമാക്കി മാറ്റി, ഭാരം മുഴുവനും ജനങ്ങളുടെ ചുമലിൽ കെട്ടിവെക്കുകയും ചെയ്യുന്ന സംവിധാനമാക്കി കിഫ്ബിയെ മാറ്റി എന്നതാണ് യാഥാർത്ഥ്യം.
കിഫ്ബിയുടെ തിരിച്ചടവ് ബാധ്യതയായ 21,000 കോടി രൂപ ഇപ്പോൾ പൂർണ്ണമായും സംസ്ഥാനത്തിൻ്റെ തലയിലാണ്; 35,000 കോടിയുടെ പദ്ധതികൾക്ക് ഇനിയും ധനസഹായം നൽകാൻ ബാക്കി കിടക്കുന്നു.
GST യും കേരളത്തിൻ്റെ വരുമാന ചോർച്ചയും:
ഫെഡറൽ സംവിധാനങ്ങളെ തകർത്തു കൊണ്ട് സംസ്ഥാനങ്ങളുടെ വിഭവങ്ങൾ കൊള്ളയടിക്കുക എന്ന ലക്ഷ്യത്തോടെ മോദി സർക്കാർ GST സംവിധാനം കൊണ്ടുവന്നപ്പോൾ അതിനെ ആദ്യം തന്നെ സർവ്വാത്മനാ ഉയർത്തിപ്പിടിച്ചത് പിണറായി സർക്കാർ ആണ്. പിണറായി മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കാണ് മോദിയുടെ GST ക്ക് വേണ്ടി ശക്തമായി നിലകൊണ്ടത്.
എന്നാൽ അതേ CPM ഇന്ന് GSTയെ പഴിചാരി ശാപവാക്കുകൾ ഉരുവിടുമ്പോൾ തങ്ങളുടെ പഴയ നിലപാടുകളിലൂടെ മോദി സർക്കാറിലുള്ള വിധേയത്വം മറച്ചു വെക്കുകയാണ്. കോൺഗ്രസ് ഉൾപ്പെടെ മറ്റു വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങളാവട്ടെ കേരളത്തിൻ്റെ പദ്ധതി വിഹിതങ്ങൾക്ക് വേണ്ടി നിലകൊള്ളാനൊ, കേരളത്തിൻ്റെ വരുമാന നഷ്ടത്തിൻ്റെ പ്രശ്നം ഗൗരവമായി കാണുന്നതിനൊ തയാറായതുമില്ല. ഇന്ന് ധവളപത്രമെന്ന മായാജാല പ്രകടനവുമായി രംഗത്തുവരുന്ന വി.ഡി. സതീശൻ പോലും താൻ പ്രതിപക്ഷ നേതാവായിരുന്ന അഞ്ചു വർഷക്കാലവും കേരളത്തിൻ്റെ പദ്ധതി വിഹിതം തട്ടിയെടുക്കുന്ന മോദി സർക്കാറിൻ്റെ തീവ്ര നവലിബറൽ നയങ്ങൾക്കെതിരെ ഒരക്ഷരം ഉരിയാടിയതായി നമുക്കറിയില്ല.
ചുരുക്കത്തിൽ നേരത്തെ സൂചിപ്പിച്ചത് പോലെ കേരളത്തെ ഇത്രയും ഭീമമായ ഒരു പതനത്തിലേക്ക്, സാമ്പത്തികവും സാമൂഹികവുമായ തകർച്ചയിലേക്ക് എത്തിച്ചിട്ടുള്ളത് ഇടത്-വലത് മുന്നണികളുടെ സ്വകാര്യ മൂലധനത്തെ സേവിക്കുന്ന കാഴ്ച്ചപ്പാടുകളാണ്. കോർപ്പറേറ്റ് ഭരണകൂടത്തിൻ്റെ തീവ്ര വലത് നയങ്ങളെ വള്ളിപുള്ളി വ്യത്യാസമില്ലാതെ പിന്തുടർന്നതിൻ്റെ ദുരന്ത ഫലമാണിത്. നവകേരള സൃഷ്ടിയായാലും പുതുയുഗ കേരള സൃഷ്ടി ആയാലും കോർപ്പറേറ്റ് കുത്തകകളുടെ താൽപര്യങ്ങൾക്ക് വിധേയമായി മാത്രമെ തങ്ങൾക്ക് മുന്നോട്ട് പോകാൻ കഴിയൂ എന്ന ലളിതമായ യുക്തി മാത്രമാണ് മുന്നണികളുടെ നയപ്രഖ്യാപനങ്ങളും ധവളപത്രങ്ങളും.
സതീശൻ്റെ കോപ്രായം കേരളത്തിൻ്റെ പ്രശ്നങ്ങൾക്ക് പരിഹാരമാണൊ?
ധവളപത്രം ചൂണ്ടിക്കാണിച്ചു തരുന്ന കേരളത്തിൻ്റെ ദയനീയ ചിത്രം മാറ്റി വരച്ച് കേരളത്തെ പുതുയുഗ കേരളമാക്കി മാറ്റാൻ യഥാർത്ഥത്തിൽ വി.ഡി. സതീശൻ സർക്കാർ മുന്നോട്ട് വെക്കുന്ന ബദൽ നിർദ്ദേശങ്ങൾ എന്തെല്ലാമാണന്ന്പരിശോധിക്കേണ്ടതുണ്ട്. ‘മഹാരാജാവി’ൻ്റെ വേഷം കെട്ടിയാടിയ പിണറായി വിജയൻ ഉൾപ്പെടെ,
നിയമസഭാ തെരഞ്ഞടുപ്പിൽ കനത്ത തോൽവി നേരിട്ട്, തല താഴ്ത്തിയിരിക്കുന്ന
35 പേരെ നോക്കി കേവല വിജയ പ്രഖ്യാപനം നടത്തി കോപ്രായം തുള്ളുന്നതിനപ്പുറം വി.ഡി. സതീശൻ മുന്നോട്ട് വെക്കുന്ന ബദൽ നയ സൂചനകളും ധവളപത്രത്തിൽ നിന്ന് തന്നെ കേരളത്തിലെ ജനങ്ങൾക്ക് വായിച്ചെടുക്കാൻ കഴിയുന്നുണ്ട്. പിണറായി വിജയനെപോലെ തനിക്കും ജനങ്ങളെ വിഡ്ഢികളാക്കിക്കളയാം എന്ന് വി.ഡി. സതീശൻ ധരിക്കരുത്.
നഷ്ടം വരുത്തി വെക്കുന്ന ഒരു പൊതുമേഖല സ്ഥാപനവും നിലനിർത്താൻ പാടില്ല എന്നാണ് സതീശൻ ധവള പത്രത്തിലൂടെ പറഞ്ഞു വെക്കുന്നത്. നെഹ്‌റുവിയൻ രാഷ്ട്രീയത്തിൻ്റെ പിന്തുടർച്ചക്കാരൻ എന്ന് ആണയിടുന്ന സതീശൻ സംസ്ഥാനത്തെ മുഴുവൻ പൊതുമേഖല സംരംഭങ്ങളെയും സ്വകാര്യവൽക്കരിക്കു
വാനുള്ള സൂചനകളാണ് നൽകുന്നത്. തകർച്ചയെ നേരിടുന്ന പൊതുമേഖല സംവിധാനത്തെ എങ്ങിനെ സംരക്ഷിക്കാൻ കഴിയുമെന്ന് നിർദ്ദേശങ്ങളില്ല.
KSEB നഷ്ടത്തിലാണെന്നും അത് സ്വകാര്യവൽക്കരിക്കണമെന്നും ധവളപത്രം പറയുന്നു. അതായത് കേരളത്തിൻ്റെ ഊർജ്ജ മേഖലയിലേക്ക് കടന്നുവന്ന് ജനങ്ങളെ കൊള്ളയടിക്കാനും തകർക്കാനും ആണവ നിലയങ്ങളും താപവൈദ്യുത നിലയങ്ങളും സ്ഥാപിക്കാൻ കോർപ്പറേറ്റ് കുത്തകകൾക്ക് പരവതാനി വിരിക്കുക എന്ന് പ്രഖ്യാപിക്കുന്നു.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ വിദ്യാഭ്യാസ രംഗത്തും, ആരോഗ്യ ചികിത്സാരംഗത്തും പിണറായി സർക്കാർ തുടങ്ങി വെച്ച സ്വകാര്യവൽക്കരണം അഭംഗുരം തുടരുന്നതിനെക്കുറിച്ചാണ് ധവളപത്രം പറയുന്നത്. ജനങ്ങളെ കൊള്ളയടിക്കാനുള്ള കോർപ്പറേറ്റ് ഭരണകൂടത്തിൻ്റെ തീവ്ര വലത് വൽക്കരണ അജണ്ട തന്നെയാണിവയെല്ലാം. കേരളത്തിലെ ജനങ്ങൾ ധീരമായ സമരത്തിലൂടെ ചെറുത്തു തോൽപ്പിച്ച കെ. റെയിൽ-സിൽവർ ലൈനും പേരു മാറ്റി പുതിയ അതിവേഗ പാത നിർമ്മിച്ചാൽ യാത്രാ പ്രശ്നം പരിഹരിക്കാമെന്ന വാദം ഇതിൻ്റെയൊക്കെ തുടർച്ച മാത്രമാണ്.
നവലിബറൽ നയങ്ങൾ മൂലം നട്ടെല്ല് ഒടിഞ്ഞു കിടക്കുന്ന കേരളത്തിലെ കാർഷിക-വ്യാവസായിക മേഖലയെ സ്വാശ്രിതമായി പുന:സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ഒരു ചിന്തയും ധവളപത്രത്തിലെങ്ങും കാണുന്നില്ല.
ഗ്രാമപ്രദേശങ്ങളിൽ 35% യുവജനങ്ങൾ നേരിടുന്ന തൊഴിലില്ലായ്മ പ്രശ്നങ്ങളെയും
വിലക്കയറ്റം കാരണം അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കഷ്ടപ്പെടുന്ന, വരുമാനം ഇല്ലാതെ ജീവിതച്ചെലവ് ഭീമമായി വർദ്ധിക്കുകയും ചെയ്യുന്ന ഭൂരിപക്ഷം സാധാരണക്കാരെയൊ പിണറായി സർക്കാറിനെ പോലെ വി.ഡി. സതീശൻ്റെ സർക്കാറും കാണുന്നില്ല. കാലാകാലങ്ങളിൽ കയ്യടി നേടാൻ പാകത്തിൽ ധവളപത്രങ്ങളും ബജറ്റ് വാഗ്ദാനങ്ങളും നൽകുന്നു എന്നതിനപ്പുറം പാർശ്വവൽക്കരിക്കപ്പെടുന്ന ജനങ്ങളുടെ ഭൂപ്രശ്നമൊ, തൊഴിലില്ലായ്മ പരിഹാരമൊ ഒന്നും ഇവരെ സ്പർശിക്കുന്നു പോലുമില്ല. സമൂഹത്തിൻ്റെ അടിത്തട്ടിൽ കഴിയുന്ന ഭൂരഹിതരും, പാർപ്പിട രഹിതരുമായ ജനതയുടെ പ്രശ്നങ്ങൾ ഭൂരഹിതരില്ലാത്ത കേരളവും, അതിദാരിദ്ര്യമുക്ത കേരളവും കേവലം
“പ്രഖ്യാപന”ത്തിലൂടെ അവസാനിച്ചു എന്നാണൊ പിണറായി വിജയനെപോലെ സതീശനും പറയുന്നത്.
സ്വാതന്ത്ര്യാനന്തരം ഏഴര പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും കോർപ്പറേറ്റു കുത്തകകൾ നിയമ വിരുദ്ധമായി കയ്യടക്കിയ അഞ്ചേകാൽ ലക്ഷം ഏക്കറിൽ അധികം വരുന്ന തോട്ടഭൂമി കേരളത്തിൽ ഉണ്ട്. കേരളത്തിന് അവകാശപ്പെട്ട ഈ ഭൂമിയുടെ ഉടമസ്ഥത നിയമ നിർമ്മാണത്തിലൂടെ കേരളത്തിൻ്റെ കൈകളിൽ എത്തിക്കാൻ എന്തെങ്കിലും നടപടികൾ വിഡി സതീശൻ മുന്നോട്ട് വെക്കുന്നുണ്ടോ എന്നറിയാൻ ജനങ്ങൾക്ക് താത്പര്യമുണ്ട്. കേരളത്തിലെ റവന്യൂ ഭൂമിയുടെ പാതിയോളം വരുന്ന ഇത്തരം ഭൂമി സർക്കാർ ഏറ്റെടുത്ത് ജനങ്ങളുടെ സമ്പത്തായി മാറ്റേണ്ടതുണ്ട്. ഇതിനായി എന്തെങ്കിലും കാഴ്ച്ചപ്പാടുകൾ ഉണ്ടൊ?
നവലിബറൽ നയങ്ങൾ കേരളത്തിലെ പിന്നാക്ക ജനവിഭാഗങ്ങളെ പ്രത്യേകിച്ചും പാർശ്വവൽകൃത വിഭാഗങ്ങളുടെ ജീവിതം ദുഃസ്സഹമാക്കിയിരിക്കുന്നു.
ഈ വിഭാഗങ്ങൾക്കുള്ള പദ്ധതി വിഹിതത്തിൽ പോലും വൻ ഇടിവ് നേരിടുന്നതായി ധവളപത്രം പറയുമ്പോൾ, പദ്ധതി വിഹിതം വർദ്ധിപ്പിച്ച്, ധന തകർച്ചയുടെ ഭാരം പേറേണ്ടി വരുന്ന കേരളത്തിലെ വലിയൊരു വിഭാഗത്തെ സമ്പൂർണ്ണമായ തകർച്ചയിൽ നിന്ന് കരകയറ്റാൻ കേരള സർക്കാറിന് എന്ത് കാഴ്ച്ചപ്പാടുണ്ട് എന്നാണ് അറിയേണ്ടത്.
GST യിലൂടെ
കേരളത്തിനുണ്ടായിരിക്കുന്ന അതിഭീമമായ വരുമാന നഷ്ടം തിരിച്ചു പിടിക്കാൻ കേരളം സമരം ചെയ്യേണ്ടതുണ്ട്. അതിന് കേന്ദ്ര ഭരണകൂടം അടിച്ചേൽപ്പിക്കുന്ന നവലിബറൽ നയങ്ങൾക്കെതിരെ ശബ്ദമുയർത്താൻ
സതീശൻ തയാറുണ്ടൊ എന്നതാണ് ജനങ്ങൾക്ക് അറിയേണ്ടത്. അല്ലാതെ കൂടുതൽ അപകടകരവും ദുരന്തപൂർണ്ണവുമായ അവസ്ഥയിലേക്ക് കേരളത്തെ വീണ്ടും വലിച്ചിഴക്കാനല്ല ജനങ്ങൾ വോട്ടു നൽകി അധികാരത്തിലേക്ക് നയിച്ചത് എന്ന് വി.ഡി. സതീശൻ എന്ന മുഖ്യമന്ത്രി ആലോചിക്കുന്നത് നല്ലതാണ്.
സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ.
കേരള സംസ്ഥാന കമ്മിറ്റി,
ജൂൺ 5
എറണാകുളം
