ഹിന്ദുത്വ വർഗ്ഗീയതയുടെ പ്രൊപ്പഗണ്ട സിനിമ: കേരള സ്റ്റോറി -2 തിരിച്ചറിയുക…..ബഹിഷ്കരിക്കുക
കൾച്ചറൽ ഫോറം കേരള
സിനിമ ഒരു കലാരൂപമായിരിക്കുമ്പോഴും അത് ആന്തരീകമായ ചില സാമൂഹ്യദൗത്യങ്ങൾ നിർവ്വഹിക്കുന്നുണ്ട് എന്നതിൽ തർക്കമില്ല.വൻ മൂലധന കേന്ദ്രീകരണം ആവശ്യമായ വർത്തമാന ചലച്ചിത്രങ്ങൾ മിക്കതും വ്യവസ്ഥാ സംരക്ഷണം ലക്ഷ്യം വെച്ചുള്ള പ്രമേയങ്ങളാൽ നിർമ്മിതവുമാണ്.ഇതിൽ നിന്നുമൊക്കെ ഏറെ ഭയാനകമാണ് പ്രൊപ്പഗണ്ടാ സിനിമകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്ന ദൗത്യം.രാജ്യത്തിന്റെ സമസ്ത മേഖലകളിലും ഹിന്ദുത്വ വർഗ്ഗീയതയിലും ഇസ്ലാമോഫോബിയയിലും ഊന്നിക്കൊണ്ടുള്ള സാംസ്കാരിക അധിനിവേശം ലക്ഷ്യമാക്കിക്കൊണ്ട് കഴിഞ്ഞ അഞ്ചുവർഷങ്ങൾക്കിടയിൽ നിർമ്മിക്കപ്പെട്ട പ്രോപ്പഗണ്ട സിനിമകളെക്കുറിച്ച് അറിഞ്ഞാൽ കാര്യങ്ങൾ വ്യക്തമാകും.
2022 ൽ നിർമ്മിച്ച കശ്മീർ ഫയലിനു പിന്നാലെയാണ് 2023 ൽ കേരള സ്റ്റോറി എന്ന സിനിമ പുറത്തിറങ്ങുന്നത്.അതേ വർഷം തന്നെ പരലോകത്തെ കന്യകമാർ എന്നർത്ഥം വരുന്ന 2019 ൽ ഗോവൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശ്ശിപ്പിച്ച 72 ഹൂറൈൻ’ (72 Hoorain) എന്ന ഹിന്ദി സിനിമ റിലീസ് ആകുന്നു.തെലുങ്കിൽ ബി.ജെ.പി നേതാവ് നേരിട്ട് നിർമ്മിച്ച റസാക്കർ എന്ന സിനിമ പുറത്തിറങ്ങുന്നതും 2023 ൽ തന്നെ.2023 ൽ അജ്മീർ 92 എന്ന സിനിമയും പുറത്തിറങ്ങി.
ഈ സിനിമകളൊക്കെയും ഹിന്ദുത്വ ഫാസിസ്റ്റ് അജണ്ടകൾക്കനുസരിച്ച് വളച്ചൊടിക്കപ്പെട്ടവയായതിനാൽ തന്നെ വ്യാപകമായ പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും ഇടയായിട്ടുമുണ്ട്.
കേരള സ്റ്റോറി ടീം തന്നെ നിർമ്മിച്ച “ബസ്തർ ദി നക്സൽ സ്റ്റോറി” എന്ന ഹിന്ദി സിനിമയും സമാനമായ ദൗത്യം പേറുന്ന സിനിമയാണ്.
കേരളാ സ്റ്റോറി ഉൾപ്പെടെയുള്ള ഈ സിനിമകളൊക്കെയും കൃത്യമായും ഇസ്ലാമോഫോബിയ പ്രചരിപ്പിക്കാനുള്ള സിനിമാ ഉൽപ്പന്നങ്ങൾ ആണെങ്കിൽ “ബസ്തർ” ശ്രമിക്കുന്നത് ഭരണകൂട അടിച്ചമർത്തലിനെതിരെ ശബ്ദിക്കുന്ന പൗരാവകാശപ്രവർത്തകരെ അധിക്ഷേപിക്കാനും അത്തരം ശബ്ദങ്ങളെ നിശ്ശബ്ദരാക്കാനുമാണ്.
ഹിന്ദുത്വഫാസിസം അതിന്റെ ശത്രുക്കളായി പ്രഖ്യാപിച്ചിട്ടുള്ള മുസ്ലീം മതത്തേയും കമ്മ്യൂണിസ്റ്റ് നിലപാടുള്ളവരേയും ഉച്ചാടനം ചെയ്യാനുള്ള സാസ്കാരിക അധിനിവേശ ദൗത്യമാണ് സംഘപരിവാർ ഈ ടോക്സിക്ക് കലാ സൃഷ്ടികളിലൂടെ ചെയ്തുകൊണ്ടിരിക്കുന്നത്.
കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം ഈ ഫെബ്രുവരി 27 നു റിലീസ് ചെയ്യപ്പെടുമ്പോൾ ഈ ഒരു ഉൾക്കാഴ്ചയോടെ പ്രശ്നത്തെ നോക്കിക്കാണാൻ കലാ സാംസ്കാരിക പ്രവർത്തകർ തയ്യാറാകണമെന്ന് കൾച്ചറൽ ഫോറം ആഗ്രഹിക്കുന്നു.
സംഘിക്കൂട്ടങ്ങൾ എത്ര മുക്രയിട്ടാലും തകർക്കാൻ കഴിയാത്ത ചില മൂല്യങ്ങൾ കേരളത്തിൽ നിലനിൽക്കുന്നുണ്ട്.ദേശീയപ്രസ്ഥാനത്തിന്റേയും തൊഴിലാളി-കർഷക മുന്നേറ്റങ്ങളുടേയും കമ്മ്യൂണിസ്റ്റ് വിപ്ലവ പ്രവർത്തനങ്ങളുടേയും ബാക്കിപത്രമാണത്.
ശക്തിയേറിയ ഹിന്ദുത്വചുഴലിയിലും അടർന്നുവീഴാത്ത കേരളപൊതുബോധത്തെ തകർക്കാനുള്ള ചിന്നം വിളിയായി കേരളസ്റ്റോറിയുടെ രണ്ടാം ഭാഗത്തെ കാണുമ്പോൾ തന്നെ അത് ഒരു സംസ്ഥാനത്തിന്റെ പ്രത്യേക പ്രശ്നമായി ചുരുക്കിക്കാണുന്നതും നാടിനെ അപമാനിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതും മാത്രമാണെന്ന ന്യൂനീകരണയുക്തിയോടെ ഈ സിനിമയെ നോക്കിക്കാണുന്നതും ,അനുദിനം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഹിന്ദുത്വ ഫാസിസത്തെ കാണാതെ പോകുന്ന അപകടത്തെയാണ് വിളിച്ചുപറയുന്നത് ..
ഈ സിനിമ നമ്മുടെ കേരളത്തെക്കുറിച്ചാണെങ്കിൽ തെലുങ്കാനയെക്കുറിച്ച്,അജ്മീറിനെക്കുറിച്ച്,കശ്മീരിനെക്കുറിച്ചൊക്കെ ഇത്തരം ടോക്സിക്ക് പ്രൊപ്പഗണ്ടാ സിനിമകൾ ഇക്കൂട്ടർ നിർമ്മിച്ച് പ്രദർശിപ്പിക്കുന്നുണ്ടെന്നും ഇതിനെല്ലാമെതിരെ തികഞ്ഞ ഫാസിസ്റ്റ് വിരുദ്ധ മനോഭാവം പുലർത്തി മുന്നേറണമെന്നും നാടും നഗരവും പ്രചരണം നടത്തേണ്ട കാലമാണിതെന്ന് കൾച്ചറൽ ഫോറം കാണുന്നു.
കേരള സ്റ്റോറി ഒന്നാം ഭാഗമെന്ന പോലെത്തന്നെ ജനാധിപത്യ-മതേതര ബോധമുള്ള മലയാളീ ചലച്ചിത്ര പ്രേക്ഷകർ ഈ സംഘി സിനിമയെ തള്ളിക്കളയണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
ഈ സിനിമയുടെ ടീസറിൽ കാണിക്കുന്ന കുറേ മുസ്ലീം സ്ത്രീകൾ ചേർന്ന് ഒരു ഹിന്ദു യുവതിയുടെ വായിലേക്ക് ബീഫിറച്ചി കുത്തിക്കയറ്റുന്ന രംഗത്തെ പരിഹസിച്ചുകൊണ്ട് നമ്മുടെ ചെറുപ്പക്കാർ ഇക്കഴിഞ്ഞ ദിവസങ്ങളിൽ നിർമ്മിച്ച നൂറിലേറെ റീലുകൾ നമ്മുടെ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് മലയാളിയുടെ ജാഗ്രതയുടെയും നട്ടാൽ മുളക്കാത്ത നുണ വിതക്കുന്ന സംഘിസംസ്കാരത്തോടുള്ള പ്രതിരോധമായും കൾച്ചറൽ ഫോറം അഭിമാനപൂർവ്വം നോക്കിക്കാണുന്നു.
കൾച്ചറൽ ഫോറം കേരള
സംസ്ഥാന സമിതിക്കുവേണ്ടി
വി. എ.ബാലകൃഷ്ണൻ
ചെയർപേഴ്സൺ
വേണുഗോപാലൻ കുനിയിൽ
കൺവീനർ
കോഴിക്കോട്
21/02/26
