കേരളം :
നിയമസഭാ തെരഞ്ഞടുപ്പ് ഫലങ്ങൾ അവലോകനം ചെയ്യുമ്പോൾ.
സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ
സംസ്ഥാന കമ്മിറ്റി
2016 മുതൽ കേരള സംസ്ഥാനം തുടർച്ചയായി ഭരിച്ചു കൊണ്ടിരുന്ന സിപിഐ(എം)- നേതൃത്വത്തിലുള്ള
എൽഡിഎഫ് ന്
അതിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നൽകിയ തെരഞ്ഞെടുപ്പ് ഫലമാണ് പുറത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ പത്തുവർഷമായി അധികാരത്തിലിരുന്ന പിണറായി ഭരണം മൂന്നാം വട്ടവും തുടരാൻ ‘സർവ്വഥാ യോഗ്യരാണെ’ന്ന അവകാശ
വാദത്തോടെയാണ് പൊതുഖജനാവിൽ നിന്നും കോടികൾ ചെലവഴിച്ച് പി. ആർ പ്രചാരണം കൊഴുപ്പിച്ചത്. മോദിയുടെ നവലിബറൽ ഫാസിസ്റ്റ് നയങ്ങൾക്ക് ബദൽ കേരള ഭരണമാണ് എന്നു സ്ഥാപിക്കാനായി ദേശീയ മാധ്യമങ്ങളിലടക്കം വൻ പ്രചാരവേല നടത്തുമ്പോഴും
യഥാർത്ഥത്തിൽ ഭരണവർഗ രാഷ്ട്രീയത്തിലും,കോർപ്പറേറ്റ് മൂലധന സേവയിലും സിപിഎം നയിക്കുന്ന കേരള സർക്കാരിൻ്റെ നയങ്ങൾ, കേന്ദ്രത്തിലും ബിജെപിയുടെ ഡബിൾ എൻജിൻ ഭരണം’ നിലനിൽക്കുന്ന സംസ്ഥാനങ്ങളിലും നടപ്പാക്കുന്ന അതേ സ്വഭാവത്തിലുള്ളതാണന്ന് ഞങ്ങൾ ഇതിനകം തന്നെ വ്യക്തമാക്കിയിരുന്നു.
2021ൽ 99 സീറ്റുകളുമായി രണ്ടാം വട്ടവും അധികാരത്തിലേറിയ എൽ.ഡി.എഫ് ഇത്തവണ 35 സീറ്റുകളിലേക്ക് ഒതുക്കപ്പെട്ടു. 62 സീറ്റുകൾ ഉണ്ടായിരുന്ന സിപിഐ (എം) 26 സീറ്റുകളിൽ ഒതുങ്ങി. പിണറായി മന്ത്രിസഭയിലെ പതിമൂന്ന് മന്ത്രിമാർക്ക് ഈ പ്രാവശ്യം നിയമസഭ കാണാൻ കഴിഞ്ഞില്ല.
ഏകഛത്രപതിയായി 10 വർഷം മന്ത്രിസഭയേയും പാർട്ടിയേയും മുന്നണിയേയും നയിച്ച മുഖ്യൻ പോലും ഏറ്റവും സുരക്ഷിത മണ്ഡലമായ ധർമ്മടത്തിൽ നിന്നും കഷ്ടിച്ചാണ് തെരഞ്ഞടുക്കപ്പെട്ടത്. ‘പാർട്ടികോട്ട ‘കളെന്ന് വിശേഷിപ്പിച്ച പലയിടങ്ങളും തകർന്നടിയുകയും മഞ്ചേശ്വരം മണ്ഡലത്തിൽ കെട്ടിവെച്ച കാശു പോലും കിട്ടാത്ത രൂപത്തിൽ കാര്യങ്ങൾ എത്തിച്ചേരുകയും ചെയ്തു.
ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചത് പൊതുജനത്തിനുണ്ടായ ഭരണ വിരുദ്ധ വികാരം മാത്രമല്ല; രാഷ്ട്രീയ അപചയത്തിന് വിധേയമായ പാർട്ടിയേയും സർക്കാരിനേയും തിരുത്തിക്കാനുള്ള പാർട്ടി അണികളുടെ കലാപം കൂടി ഉള്ളടങ്ങിയിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.
ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് പയ്യന്നൂരിൽ കുഞ്ഞികൃഷ്ണൻ്റയും തളിപ്പറമ്പിൽ ഗോവിന്ദൻ്റെയും അമ്പലപ്പുഴയിൽ ജി. സുധാകരൻ്റെയും സ്ഥാനാത്ഥിത്വവും അവരുടെ വിജയവും. പ്രത്യയശാസ്ത്ര രംഗത്തെ അവ്യക്തതകളും അപചയങ്ങളും സി.പി.എം ൻ്റെ പാർട്ടി സംഘടനാ സംവിധാനങ്ങളെ തകിടം മറിച്ചതുവഴി രാഷ്ട്രീയവും സംഘടനാപരവുമായ കേന്ദ്രീകരണത്തെ ദുർബലപ്പെടുത്തി, ഉൾപാർട്ടി ജനാധിപത്യം നഷ്ടപ്പെട്ട ,അധികാര പ്രമത്തതയുടെ കൂടാരമാക്കി അതിനെ മാറ്റുകയും ചെയ്തു.
കോർപ്പറേറ്റ് ബാന്ധവത്തിനെതിരായ ജനവികാരം :
ആഗോള-കോർപ്പറേറ്റ് മൂലധന കേന്ദ്രങ്ങൾക്ക് വ്യക്തമായ സന്ദേശം എത്തിക്കുമാറ്, ഐഎംഎഫിൻ്റെ ചീഫ് ഇക്കോണമിസ്റ്റും ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടറുമായിത്തീർന്ന ഗീത ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചു കൊണ്ടാണ് 2016 ൽ പിണറായി സർക്കാർ തുടക്കത്തിൽ തന്നെ നയം വ്യക്തമാക്കിയത്.ആഗോളവൽക്കരണ നയങ്ങൾ, സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കൽ, PPP മോഡലുകൾ എന്നിവ പാർട്ടിയുടെ പരമ്പരാഗത വർഗ്ഗ നിലപാടുകളിൽ നിന്നുള്ള വ്യതിചലനമാണെന്നു തിരിച്ചറിഞ്ഞ് ഇത്തരം കാഴ്ചപ്പാടുകൾക്കെതിരെ ഉൾപ്പാർട്ടി ചർച്ചകളിൽപ്പോലും നേരിയ എതിർ ശബ്ദം ഉയർന്നുവന്നില്ല.
ലോക ബാങ്ക് ആവിഷ്കരിച്ച ‘ബിസിനസ് സൗഹൃദമാക്കൽ’ അഥവാ കോർപ്പറേറ്റ് -നിക്ഷേപ സൗഹൃദ പദ്ധതികൾ സുഗമമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന്, കരിമ്പട്ടികയിൽ പെടുത്തിയ ബഹുരാഷ്ട്ര കൺസൾട്ടിംഗ് കമ്പനിയായ കെപിഎംജി യെ ചുമതലപ്പെടുത്തിയും
ഇന്ത്യയുടെ ഫെഡറൽ ഘടനയുടെ ഭൗതികാടിത്തറ തകർക്കുകയും സംസ്ഥാനങ്ങളുടെ വിഭവ സമാഹരണ അധികാരം ഇല്ലാതാക്കുകയും നികുതിഭാരം കോർപ്പറേറ്റ് കുത്തകകളിൽ നിന്നും ജനങ്ങളുടെ ചുമലുകളിലേക്കു തള്ളുകയും സമ്പദ്ഘടനയുടെ നിയന്ത്രണം കോർപ്പറേറുകളിൽ നിക്ഷിപ്തമാക്കുകയും ചെയ്ത ജിഎസ്ടിയുടെ ഏറ്റവും വലിയ വക്താവായി 2017 ൽ പിണറായി സർക്കാർ രംഗത്തുവരികയുമുണ്ടായി.
ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൻ്റെ അസ്ഥിവാരം തോണ്ടുന്നതിലേക്കാണ് ഇതെത്തിച്ചത്. ജിഎസ്ടി വഴി സംസ്ഥാന നികുതി വരുമാനത്തിൻ്റെ മൂന്നിൽ രണ്ടു ഭാഗം കേന്ദ്രത്തിൻ്റെ പിടിയിലാക്കിയപ്പോൾ, പെട്രോളിയം ഉല്പന്നങ്ങളുടെ മേലുള്ള സെസ്, ലോട്ടറി, മദ്യം എന്നിവയെ ആശ്രയിച്ച് നിലനിൽക്കേണ്ട ഗതികേടിലേക്ക് കേരളം എത്തിപ്പെട്ടു. അദാനിയുടെ വിഴിഞ്ഞം പോർട്ടു മുതൽ ദേശീയപാത വികസനം വരെയുള്ള കോർപ്പറേറ്റുകളുടെ കുംഭ വീർപ്പിക്കുന്ന പിപിപി പ്രോജക്ടുകൾക്ക് വേണ്ടി വന്ന ഭാരിച്ച സംസ്ഥാന വിഹിതം വിദേശ മൂലധന കേന്ദ്രങ്ങളിൽ നിന്ന് അമിത പലിശക്ക് കടം വാങ്ങി (കുപ്രസിദ്ധമായ മസാല ബോണ്ട്, കിഫ്ബി നിക്ഷേപങ്ങൾ, തുടങ്ങിയവ ഉദാഹരണം) ചെലവഴിക്കേണ്ട ബാധ്യതയും വന്നുപെട്ടു.
നവകേരള ബദലിനെ ക്കുറിച്ച് വാചാലമാവുകയും മറുഭാഗത്ത് കോർപ്പറേറ്റ് വികസന നയത്തിൻ്റെ നടത്തിപ്പുകാരായി മാറുകയും ചെയ്ത CPM മുന്നോട്ട് വെച്ച എല്ലാ ജനവിരുദ്ധ പദ്ധതികളും ബലപ്രയോഗത്തിലുടെ നടപ്പിലാക്കാൻ ശ്രമിച്ചു. ഇത്തരം വികസന പദ്ധതികൾക്കും ജനദ്രോഹ നയങ്ങൾക്കു മെതിരെ സമരം ചെയ്യുന്നവരെ അടിച്ചമർത്തുന്ന നയമാണ് അധികാരം ഉപയോഗിച്ച് സി.പി. എം. ചെയ്തത്. കെ. റെയിൽ വിരുദ്ധ സമരത്തോടും ആശ വർക്കർമാർ നടത്തിയ സമരത്തോടും അടക്കം സർക്കാർ സ്വീകരിച്ച സമീപനം ഇത് വ്യക്തമാക്കുന്നു.
തകർന്നടിഞ്ഞ സമ്പദ്ഘടന :
അതേ സമയം, സമ്പന്ന വിഭാഗങ്ങൾ കൊടുത്തു തീർക്കേണ്ടിയിരുന്ന ആയിരക്കണക്കിനു കോടി രൂപയുടെ നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിനോ, ആഡംബര – ഉപഭോഗ മേഖലകളെ ഉചിതമായ രീതിയിൽ നികുതി വിധേയമാക്കുന്നതിനോ, ലക്ഷക്കണക്കിന് ഏക്കർ ഭൂമി നിയമവിരുദ്ധമായി കയ്യടക്കിയിട്ടുള്ള ഭൂമാഫിയകളിൽ നിന്ന് അത് തിരിച്ചു പിടിക്കുന്നതിനോ, സർഫാസി നിയമത്തെ ഉപയോഗപ്പെടുത്തി വീടും പുരയിടങ്ങളും തട്ടിയെടുത്ത് സാധാരണക്കാരെ കുടിയൊഴിപ്പിക്കുന്നതിനെതിരെ ഫലപ്രദമായ സ്വീകരിക്കുന്നതിനോ യാതൊരു നടപടിയും സ്വീകരിക്കുന്നതിന് കഴിഞ്ഞ പത്തു വർഷമായി സർക്കാരിനു കഴിഞ്ഞില്ല. ഇതിൻ്റെയെല്ലാം ബാക്കി പത്രമായി 2016 ൽ പിണറായി സർക്കാർ അധികാരമേറുമ്പോൾ സംസ്ഥാന രൂപീകരണം മുതൽ 2016 വരെയുള്ള സംസ്ഥാനത്തിൻ്റെ പൊതുകടം ഒന്നര ലക്ഷം കോടി രൂപയായിരുന്നത് 2026 മാർച്ചോടെ, 6 ലക്ഷം കോടി രൂപയായി ഉയർന്നു. ഭീതിജനകമായ കടഭാരം ചുമക്കേണ്ടി വരുന്നത് കേരളത്തിലെ അദ്ധ്വാനിക്കുന്ന മഹാ ഭൂരിപക്ഷമാണ്.
ഇതെല്ലാമായി ബന്ധപ്പെട്ട കോർപ്പറേറ്റ് -മാഫിയാവൽകരണം, അഴിമതി, കൊടുകാര്യസ്ഥത, ധൂർത്ത്, പരിസ്ഥിതി വിനാശം, വിദ്യാഭ്യാസ-ആരോഗ്യ മേഖലകളുടെ സമ്പൂർണമായ കോർപ്പറേറ്റുവൽകരണം, തുടങ്ങിയ പ്രതിലോമ പ്രവണതകൾക്കൊപ്പം, മോദി ഭരണം ഊർജ്ജിതമാക്കിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ – ഫാസിസ്റ്റ് അജണ്ടയും വളരെ വിദഗ്ധമായി കേരളത്തിലും നടപ്പാക്കപ്പെടുകയുണ്ടായി.
അധികാരം നിലനിർത്താൻ മറ്റേതൊരു ഭരണ വർഗ്ഗ പ്രസ്ഥാനങ്ങളെയും പോലെ ജാതി-മത സമവാക്യങ്ങൾ, പ്രാദേശിക പ്രമാണിമാരുമായുള്ള സന്ധി എന്നിവയെ CPM നും ആശ്രയിക്കേണ്ടിവരുന്നു.
ഒരു വേള ഫാസിസ്റ്റുകളും ഇതര ഭരണവർഗ്ഗ പാർട്ടികളും ആവശ്യപ്പെടുന്നതിനും
വളരെ മുമ്പേ തന്നെ ഭരണഘടനാപരമായ ജാതിസംവരണം അട്ടിമറിക്കും വിധം സാമ്പത്തിക സംവരണം ആവശ്യപ്പെട്ടു കൊണ്ടുള്ള സിപിഎം നിലപാട് ഔദ്യോഗികമായിത്തന്നെ രേഖപ്പെടുത്തിയിരുന്നു. അതിൻ്റെ തുടർച്ചയായിട്ടാണ്, സാമ്പത്തിക സംവരണം നടപ്പാക്കുന്നതിന് മോദി സർക്കാർ കൊണ്ടുവന്ന 103-ാം ഭരണഘടനാ ഭേദഗതി സുപ്രിം കോടതി അംഗീകരിക്കുന്നതിന് മുമ്പുതന്നെ പിണറായി സർക്കാർ ദേവസ്വം ബോർഡിൽ EWS കേരളത്തിൽ നടപ്പാക്കിയത്.
ഭരണതലത്തിലും പോലീസിലും സാംസ്കാരിക മണ്ഡലത്തിൽ ഒട്ടു മൊത്തത്തിലും സിപിഎം പുലർത്തിപ്പോരുന്ന ഹിന്ദുത്വ പൊതുബോധവും അതിൻ പ്രകാരമുള്ള ഇസ്ലാമോഫോബിയ (മുസ്ലിം വിരുദ്ധത) യും ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. മുസ്ലീം ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കിടയി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും അതുവഴി ഹിന്ദു വോട്ട് ഉറപ്പിക്കാനും സി.പി.ഐ (എം) നിരന്തരം ശ്രമം നടത്തി കൊണ്ടിരുന്നു.
ആർഎസ്എസ് നേതൃത്വത്തിൽ, 1990 കളുടെ തുടക്കത്തിൽ രാജ്യമാസകലം നടന്ന രാമജന്മഭുമി പ്രക്ഷോഭകാലത്ത്, “എനിക്ക് മുസ്ലിം മൃതദേഹങ്ങൾ ആവശ്യമുണ്ടെന്ന്” അലറിയ രമൺ ശ്രീവാസ്തവയെ പിണറായി തൻ്റെ പോലീസ് ഉപദേഷ്ടാവാക്കി .
യുഎപിഎ ക്കെതിരായ സിപിഎം ൻ്റെ പ്രഖ്യാപിത നിലപാടിനെതിരെ, ലഘുലേഖ വായിച്ചു എന്ന പേരിൽ രണ്ടു മുസ്ലീം യുവാക്കളെ അതിൽ പെടുത്തുകയും എൻഐഎക്ക് കേരളത്തിലേക്ക് രാജപാതയൊരുക്കുകയും ചെയ്തു. മാവോയിസത്തെ നേരിടാനെന്ന പേരിൽ, എഴുപതുകൾക്കു ശേഷം കേരളത്തെ വീണ്ടും “ഏറ്റുമുട്ടൽ കൊല” കളുടെ വേദിയാക്കി 8 പേരെ വെടിവെച്ചു കൊന്നതും ഇതുമായി കൂട്ടിവായിക്കേണ്ടതാണ്.
മോദി സർക്കാർ ആസൂത്രണ കമ്മീഷൻ പിരിച്ചുവിട്ട്, ആ സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന ‘നീതി ആയോഗി’ ലെ നവലിബറൽ വിദഗ്ധന്മാരുടെ കണക്കനുസരിച്ച്, ലോകത്ത് ഏറ്റവുമധികം ദരിദ്രർ അധിവസിക്കുന്ന ഇന്ത്യയിൽ ദാരിദ്ര്യം ഏതാണ്ട് ഇല്ലാതായിക്കഴിഞ്ഞുവെന്നും “അമൃതകാലം” ആ സന്നമായിക്കഴിഞ്ഞുവെന്നും പ്രഖ്യാപിച്ചു. ഇതിൻ്റെ ചുവടുപിടിച്ച്, പട്ടിക ജാതി, പട്ടികവർഗ്ഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങളടക്കം ലക്ഷക്കണക്കിന് കുടുംബങ്ങൾ അതിദരിദ്രരും ഭൂരഹിതരും പാർപ്പിട രഹിതരുമായി കഴിയുന്ന കേരളത്തിൽ, പിണറായി സർക്കാരും അതിദാരിദ്യ നിർമ്മാർജ്ജനം പ്രഖ്യാപിച്ചു.
കിഫ്ബി പോലുള്ള നവലിബറൽ സംവിധാനങ്ങൾ വഴി നിർമ്മിച്ച റോഡുകളും പാലങ്ങളും കെട്ടിട സമുച്ചയങ്ങളും ഉയർത്തി കാണിച്ചാണ് പത്തുവർഷവികസന കുതിച്ചു ചാട്ടത്തെക്കുറിച്ച് ഇവർ വായ്ത്താരി മുഴക്കിയത്. കാർഷിക- വ്യാവസായിക രംഗങ്ങൾ ഉൾപ്പെടുന്ന ഉല്ലാദന മേഖലയിൽ കനത്ത മുരടിപ്പും തകർച്ചയും നിലനിൽക്കേ അതു മറച്ചു വെച്ച് കടംവാങ്ങി നടത്തുന്ന ഇൻഫ്രാസ്ട്രക്ചർ നിർമ്മാണപ്രവർത്തനങ്ങളെ വികസനമായി അവതരിപ്പിക്കുകയാണ് ഇതുവഴി ചെയ്തത്. ദേശീയപാതയും റെയിൽവേയും അടക്കം വികസിപ്പിച്ച് ചുളുവിലക്ക് സ്വകാര്യ മേഖലക്ക് കൈമാറാനുള്ള കേന്ദ്ര നയത്തിൻ്റെ ഭാഗംതന്നെയാണ് ഇവിടെയും കണ്ടത്.
വികസനത്തെ സംബന്ധിച്ച രാഷ്ട്രീയ ഇടതുപക്ഷത്തിൻ്റെ പ്രത്യയശാസ്ത്ര രാഷ്ട്രീയ സമീപനം പൂർണമായും കയ്യൊഴിച്ച്, നവലിബറൽ കോർപ്പറേറ്റിസത്തിൻ്റെ നടത്തിപ്പുകാരും ഹിന്ദുത്വ ഫാസിസത്തിൻ്റെ മാപ്പുസാക്ഷികളുമായുള്ള സിപിഎം ൻ്റെ അപചയമാണ് ഇത് വ്യക്തമാക്കുന്നത്.
പ്രത്യയശാസ്ത്ര-രാഷ്ട്രീയരംഗത്തെ അടിസ്ഥാന നിലപാടുകളിൽ നിന്നുള്ള സി.പി.ഐ (എം) ൻ്റെ ഈ അപചയങ്ങൾ വിശകലനം ചെയ്യാനുള്ള കെൽപ്പ് പോലും നഷ്ടപ്പെട്ട പ്രസ്ഥാനമായി ഇന്ന് അത് മാറിക്കഴിഞ്ഞു. ചില അരാജക കേന്ദ്രങ്ങളുടെ അരാഷ്ട്രീയ പ്രചാരണങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതാണ് തോൽവിക്ക് കാരണമായതെന്നുള്ള വിശകലനങ്ങളിലാണ് സി.പി.ഐ (എം ) എത്തി നിൽക്കുന്നത്. അതുകൊണ്ടാണ്
ഇപ്പൊഴത്തെ പരാജയം താൽക്കാലികമായ തിരഞ്ഞെടുപ്പ് പരാജയം മാത്രമാണെന്നും സി.പി.എം. നേതൃത്വം ഇന്നും വിശ്വസിക്കുന്നത് അഥവ അണികളെ വിശ്വസിപ്പിച്ചു കൊണ്ടിരിക്കുന്നത്.
ദേശീയ രാഷ്ട്രീയ സാഹചര്യം, കേന്ദ്രത്തിൻ്റെ സാമ്പത്തിക ഉപരോധം, മാധ്യമ പ്രചാരണം എന്നിവയാണ് പരാജയകാരണം എന്നും ഉടനെ തിരിച്ചു വരാമെന്നും പറഞ്ഞു രക്ഷപ്പെടുകയാണ് നേതൃത്വം ചെയ്യുന്നത്.
ബംഗാൾ നൽകുന്ന പാഠങ്ങൾ:
മൂന്നര പതിറ്റാണ്ട് കാലം ബംഗാളിൽ തുടർ ഭരണം നിലനിർത്തിയ ഇടതു പക്ഷത്തിൻ്റെ കോർപ്പറേറ്റ് മൂലധന സേവ സാമൂഹ്യ -രാഷ്ട്രീയ-സാമ്പത്തിക മണ്ഡലങ്ങളിൽ സൃഷ്ടിച്ച ആഘാതം,സി.പി.ഐ (എം) നെ വേരോടെ പിഴുതെറിയുന്ന അവസ്ഥ ബംഗാളിൽ സൃഷ്ടിക്കുകയും, മമതയുടെ ഇടക്കാലത്തെ ഭരണത്തിന് ശേഷം ഈ തെരഞ്ഞെടുപ്പോടെ പൂർണ്ണമായും ഹിന്ദുത്വ ഫാസിസ്റ്റു ശക്തികളുടെ കൈകളിലേക്ക് പശ്ചിമ ബംഗാൾ സംസ്ഥാനത്തെ എത്തിച്ചിരിക്കുന്നു. ഹിന്ദുത്വ – ഫാസിസ്റ്റ് ശക്തികൾ നിരവധിയായ മാർഗങ്ങളിലൂടെ നടത്തിയ ശ്രമങ്ങൾ .SIR ലൂടെ പൗരത്വ പ്രശ്നങ്ങൾ ഉയർത്തിയും , ലക്ഷക്കണക്കിന് ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ വോട്ടവകാശത്തെ നിഷേധിച്ചു കൊണ്ടും കേന്ദ്ര അധികാരത്തിൻ്റെ ഹുങ്കിൽ അർദ്ധ സൈനികവിഭാഗങ്ങളെ ഉപയോഗപ്പെടുത്തിയും
സംസ്ഥാനത്തിൻ്റെ അധികാരം ഇന്ന് ഫാസിസ്റ്റ് ശക്തികളിൽ എത്തിയിരിക്കുന്നു. RSS ഫാസിസ്റ്റു ശക്തികൾക്കെതിരെ മമതയുടെ നേതൃത്വത്തിൽ ഉയർന്നു വരുന്ന പ്രതിരോധങ്ങൾക്ക് പിന്തുണ അറിയിച്ചു കൊണ്ട് കോൺഗ്രസ് നേതൃത്വത്തെ പ്രതിനിധികരിച്ച് രാഹുൽ ഗാന്ധി പിന്തുണ പ്രഖ്യാപിക്കുന്നു എന്നത് ഇന്നത്തെ ഫാസിസ്റ്റ് കാലത്ത് ധനാത്മകമായി തന്നെ കാണേണ്ടതുണ്ട്.
പിടി മുറുക്കുന്ന ഫാസിസ്റ്റ് ശക്തികൾക്കെതിരെ :
ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികൾ നിയന്ത്രിക്കുന്ന ബി.ജെപി. കേരളത്തിൽ കഴിഞ്ഞ മൂന്ന് തെരഞ്ഞടുപ്പുകളിലായി ശരാശരി 15% വോട്ടു വിഹിതം ഉറപ്പിച്ചു കൊണ്ടു കേരളത്തിൽ സാന്നിദ്ധ്യം ഉറപ്പിച്ചിരിക്കുന്നു എന്നത് ഗൗരവമായി കാണേണ്ടതുണ്ട്. പിണറായി സർക്കാരിൻ്റെ പത്തുവർഷങ്ങൾ ആർ എസ്സ് എസ്സ് ഇതിനായി കിണഞ്ഞു പരിശ്രമിച്ചു.കേരളത്തിലെ നിലനിൽക്കുന്ന മതേതര അന്തരീക്ഷത്തെ കലുഷിതമാക്കി, വർഗ്ഗീയ ധ്രൂവികരണങ്ങൾ സൃഷ്ടിക്കാനും ന്യുനപക്ഷ മതവിഭാഗങ്ങൾക്കെതിരെ ഹിന്ദുത്വ – ഫാസിസ്റ്റ് കടന്നാക്രമണങ്ങൾ ശക്തിപ്പെടുത്തി മറ്റു സംസ്ഥാനങ്ങളിൽ കാണുന്നത് പോലെ കേരളത്തിലും പിടിമുറുക്കാനുള്ള നീക്കം ശക്തിപ്പെടുത്തുകയാണ്.
UDF ഭരണത്തിൽ കേരളം .
102 സീറ്റുകളോടെ കേരളത്തിൽ അധികാരത്തിലേക്ക് കോൺഗ്രസ്സ് മുന്നണിക്ക് എത്തിച്ചേരാൻ കഴിഞ്ഞത് കോൺഗ്രസ്സ് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ-സാമ്പത്തിക-സമൂഹ്യ നിലപാടുകൾക്കുള്ള പിന്തുണയാണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. മറിച്ച് കഴിഞ്ഞ പത്തു വർഷക്കാലത്തെ പിണറായി ഭരണത്തോടുള്ള ശക്തമായ എതിർപ്പും, സി.പി.ഐ (എം) നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ രൂപം കൊണ്ടുവരുന്ന അസംതൃപ്തിയും അതോടൊപ്പം സർക്കാറിൻ്റെ ജനവിരുദ്ധ നയങ്ങൾ
ക്കെതിരെ ജന പക്ഷത്തുനിന്ന് സമരം ചെയ്യുന്ന ചെറുതും വലുതുമായ സംഘടനകളുടേയും കൂട്ടായമകളുടേയും പിന്തുണ UDF ന് അനുകൂലമായിരുന്നു എന്നത് കൂടിയാണ്.
ബി.ജെ.പി. നയിക്കുന്ന കേന്ദ്ര സർക്കാർ മുന്നോട്ട് വെക്കുന്ന കോർപ്പറേറ്റ് വികസന കാഴ്ചപ്പാടുകളിലോ സാമ്പത്തിക നയങ്ങളിലോ ഒട്ടും വ്യത്യസ്തമായ ഒരു സമീപനം മുന്നോട്ട് വെക്കാൻ കഴിയാത്തത് അതിൻ്റെ അടിസ്ഥാനപരമായ കോർപ്പറേറ്റ് പക്ഷപാതിത്വം തന്നെയാണ്. ഭൂരിപക്ഷ മതപ്രീണനത്തിൻ്റെയും വിദ്യാഭ്യാസ ആരോഗ്യ വികസന കാഴ്ചപ്പാടുകളിലും വ്യതസ്തമായ ഒരു സമിപനം മുന്നോട്ട് വെക്കാൻ വർഗ്ഗ പരിമിതികൾ അതിനെ തടയുന്നു. പൗരാവകാശ ജനാധിപത്യ അവകാശങ്ങളോടുള്ള സമീപനത്തിലും കോൺഗ്രസ്സ് ഒട്ടും വ്യത്യസ്തമല്ല. അഴിമതിയുടെയും, അധികാര തർക്കത്തിൻ്റെയും, കുതികാൽ വെട്ടിൻ്റേയും, രാഷ്ട്രീയ ജീർണ്ണതയിൽ നിന്നും മുക്തമാകാനും അതിന് കഴിഞ്ഞിട്ടില്ല. എന്നാൽ രാജ്യത്ത് സർവ്വ മണ്ഡലങ്ങളിലും പിടി മുറുക്കി കഴിഞ്ഞിരിക്കുന്ന ആർ എസ്സ് എസ്സ് നയിക്കുന്ന ഫാസിസ്റ്റ് ശക്തികൾക്കെതിരെ ദേശീയ തലത്തിൽ ഉയർന്നു വരേണ്ട ധ്രൂവീകരണത്തിന് കോൺഗ്രസ്സ് പക്ഷത്ത് നിന്ന് രാഹുൽ ഗാന്ധിയുടേയും ഗാർഗെയുടെയും നേതൃത്വത്തിൽ ഉയർന്നു വരുന്ന മുൻകൈ പ്രവർത്തനങ്ങളെ ശരിയായി മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ടു.
വിപ്ലവ-പുരോഗമന ശക്തികളുടെ കടമകൾ :
ഈ നിയമസഭാ തെരഞ്ഞടുപ്പിൻ്റെ രാഷ്ട്രീയ പ്രാധാന്യം വിശദീകരിച്ചു കൊണ്ട് പാർട്ടി സംസ്ഥാന കമ്മിറ്റി തയാറാക്കിയ പ്രസ്താവനയിൽ സൂചിപ്പിച്ചിരുന്നതുപോലെ,
ഈ സന്ദർഭത്തിൽ, യുദ്ധവും ഫാസിസവും കോർപ്പറേറ്റ് രാജും അവ സംജാതമാക്കുന്ന പ്രത്യാഘാതങ്ങൾക്കുമെതിരെ വിട്ടു വീഴ്ചയില്ലാത്ത നിലപാട് ഉയർത്തി പിടിക്കേണ്ടതുണ്ട്. ഇന്ത്യയുടെ പ്രത്യേക സാഹചര്യത്തിൽ, പണിയെടുക്കുന്ന മഹാ ഭൂരിപക്ഷത്തിനും മതന്യൂനപക്ഷങ്ങൾക്കും മർദ്ദിത ജാതിയിൽപെട്ട ജനവിഭാഗങ്ങൾക്കും സ്ത്രീകൾക്കുമെതിരെ രാജ്യത്ത് ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന തീവ്ര വലത് നവലിബറൽ നയങ്ങൾക്കും ഫാസിസത്തിനുമെതിരെ മുന്നിട്ടിറങ്ങുകയെന്നതാണ് ഏക പോംവഴി. ആയതിനാൽ, ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികൾക്കെതിരെയും , ഇടതുപക്ഷ മുഖം മൂടിയിട്ട അതിൻ്റെ സഖ്യശക്തികൾക്കുമെതിരെയും സാമ്രാജ്യത്വ വിരുദ്ധ പരിസ്ഥിതി സൗഹൃദ ജനപക്ഷ വികസന ബദൽ മുന്നോട്ടു വെച്ചു പാർട്ടി നിലപാടുകൾ വ്യക്തമാക്കുന്നതിനും വേണ്ടിയുള്ള രാഷ്ട്രീയ കാമ്പെയിൻ്റെ ഭാഗമായാണ് ഏതാനും മണ്ഡലങ്ങളിൽ പാർട്ടി സ്ഥാനാർത്ഥികളെ നിർത്തിയത്. സംഘടനാപരമായ എല്ലാ പരിമിതികളെയും മറികടന്നു കൊണ്ട് ഈ ദിശയിലുള്ള പ്രവർത്തനങ്ങളെ ഏറെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് പാർട്ടി കാണുന്നു. മേൽപറഞ്ഞ കാഴ്ചപ്പാടുകളിൽ ഊന്നി നിന്നുകൊണ്ട്,വർഗ്ഗ ബഹുജന വിഭാഗങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെല്ലാനും ബഹുജ പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്താനും കോർപ്പറേറ്റ് ഫാസിസ്റ്റ് ശക്തികൾക്കെതിരെ സന്ധിയില്ലാത്ത നിലപാട് ഉയർത്തി പിടിക്കാനും ഈ ശക്തികൾ മുന്നോട്ട് വെക്കുന്ന നയങ്ങൾ സൃഷ്ട്രിക്കുന്ന പ്രത്യാഘാതങ്ങൾക്കെതിരെ ജനകീയ പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്താനും, യഥാർത്ഥ മതേതര ജനാധിപത്യ ഇടതുപക്ഷ- വിപ്ളവ ശക്തികളുടെ മുന്നേറ്റം അനിവാര്യമാക്കുന്നുവെന്നാണ് തെരഞ്ഞെടുപ്പു ഫലങ്ങൾ നൽകുന്ന പാഠം.
സംസ്ഥാന കമ്മിറ്റി
സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ
മെയ് 08/2026
