Home » “ഭോജ്‌ശാല-കമാൽ മൗല മസ്ജിദ്” തർക്കത്തിലെ കോടതി വിധി: ബാബറി മസ്ജിദ് വിധിയുടെ ദാരുണമായ ആവർത്തനം !

“ഭോജ്‌ശാല-കമാൽ മൗല മസ്ജിദ്” തർക്കത്തിലെ കോടതി വിധി: ബാബറി മസ്ജിദ് വിധിയുടെ ദാരുണമായ ആവർത്തനം !

by Jayarajan C N
“ഭോജ്‌ശാല-കമാൽ മൗല മസ്ജിദ്” തർക്കത്തിലെ കോടതി വിധി: ബാബറി മസ്ജിദ് വിധിയുടെ ദാരുണമായ ആവർത്തനം !

മെയ് 15-ന് മധ്യപ്രദേശ് ഹൈക്കോടതി കമാൽ മൗല മസ്ജിദ്-ഭോജ്‌ശാല സമുച്ചയം ഒരു സരസ്വതി ക്ഷേത്രവും സംസ്‌കൃത പഠന കേന്ദ്രവുമാണെന്ന് പ്രഖ്യാപിക്കുകയും, മുസ്ലീങ്ങളോട് പകരം ഭൂമി കണ്ടെത്താൻ നിർദ്ദേശിക്കുകയും ചെയ്ത വിധി ഏറെ കാര്യങ്ങൾ വെളിപ്പെടുത്തുന്നതാണ്. ഏറ്റവും പുതിയ നിയമസഭാ തിരഞ്ഞെടുപ്പുകളുടെയും, ഇന്ത്യൻ ജനതയുടെ 78 ശതമാനത്തിന്മേൽ ഫാസിസ്റ്റ് “ഡബിൾ എഞ്ചിൻ” തങ്ങളുടെ പിടിമുറുക്കുന്നതിന്റെയും അടിയന്തര പശ്ചാത്തലത്തിലാണ് ഇതിനെ കാണേണ്ടത്. ചരിത്രപരമായ മതപരമായ തർക്കങ്ങൾ വീണ്ടും തുറക്കുന്നത് തടയുന്ന 1991-ലെ “ആരാധനാലയ (പ്രത്യേക വ്യവസ്ഥകൾ) നിയമ”ത്തിന്റെ നഗ്നമായ ലംഘനമാണ് കോടതിയുടെ ഈ വിധി. കോടതി വിധിയെ തുടർന്ന്, സമയം ഒട്ടും പാഴാക്കാതെ, മെയ് 16 ന് തന്നെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) ഹിന്ദുക്കൾക്ക് “ഭോജ്‌ശാല കോംപ്ലക്സിലേക്ക് അനിയന്ത്രിതമായ പ്രവേശനം” നൽകുമെന്നും മുസ്ലീങ്ങൾ “നമസ്കാരം നിർവഹിക്കുന്നത്” നിർത്തലാക്കുമെന്നും പ്രസ്താവിക്കുന്ന ഒരു ഉത്തരവ് പുറപ്പെടുവിച്ചു.

ബാബറി മസ്ജിദിന്റെ കാര്യത്തിലെന്നപോലെ, മധ്യപ്രദേശിലെ ധാർ ജില്ലയിലെ കമാൽ മൗല മസ്ജിദുമായി ബന്ധപ്പെട്ട വിഷയവും 14-ാം നൂറ്റാണ്ടോളം (ഏകദേശം എ.ഡി. 1310-1320 കാലഘട്ടം), അതായത് ധാർ സുൽത്താനേറ്റ് ഭരണത്തിൻ കീഴിലായിരുന്ന കാലത്തോളം പഴക്കമുള്ള ഒരു തർക്കമാണ്. ചരിത്രരേഖകൾ പ്രകാരം, അന്നുമുതൽ ധാറിലെ കമാൽ മൗല മസ്ജിദ് ഇസ്ലാമിക ആരാധനാ കേന്ദ്രമായും മാൾവ സുൽത്താനേറ്റ് കാലഘട്ടവുമായി ബന്ധമുള്ള സൂഫി സന്യാസി ഷെയ്ഖ് കമാൽ മൗലയുടെ ശ്മശാന സ്ഥലമായും മുസ്ലീങ്ങൾ ഉപയോഗിച്ചുവന്നു. എന്നിരുന്നാലും, ബാബറി മസ്ജിദിന്റെ കാര്യത്തിലെന്നപോലെ, ഈ സ്ഥലത്തെ സരസ്വതി ക്ഷേത്രമുള്ള ഭോജ്‌ശാല സമുച്ചയമായി കണക്കാക്കുന്ന ഹിന്ദു ഗ്രൂപ്പുകളുടെ അവകാശവാദങ്ങളെത്തുടർന്ന്, കൊളോണിയൽ കാലത്തെ ഹിന്ദു-മുസ്ലിം വിഭജന നയങ്ങളുമായി ബന്ധപ്പെട്ട് ഈ പള്ളി-അമ്പല തർക്കം രൂക്ഷമായി. വാസ്തവത്തിൽ, അവിടെ തറയിലും തൂണുകളിലും കൊത്തിയ സംസ്‌കൃത ശ്ലോകങ്ങൾ 1903-ൽ “കണ്ടെത്തിയതിനെ” തുടർന്ന് 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷ് ഭരണകാലത്ത് ഒരു പ്രാദേശിക വിദ്യാഭ്യാസ ഉദ്യോഗസ്ഥനാണ് “ഭോജ്ശാല” എന്ന പദം തന്നെ ജനപ്രിയമാക്കിയത്.

തർക്കം തുടരുന്നതിനിടയിൽ, 1934-ൽ ധാർ നാട്ടുരാജ്യത്തിന്റെ ഭരണപരമായ ഉത്തരവിനെ തുടർന്ന്, മുസ്ലീങ്ങൾ ധാറിലെ ഭോജ്ശാല സമുച്ചയത്തിൽ സ്ഥിരമായി വെള്ളിയാഴ്ച നമസ്കാരം ആരംഭിച്ചു. എന്നിരുന്നാലും, ഹിന്ദുത്വ അവകാശവാദങ്ങളെ ശരിവെച്ചുകൊണ്ട്, വാജ്‌പേയി സർക്കാരിന്റെ കീഴിലുള്ള എഎസ്ഐ 2003 ഏപ്രിൽ 7-ന് ഹിന്ദുക്കൾക്ക് ചൊവ്വാഴ്ചകളിലും ബസന്ത് പഞ്ചമി ഉത്സവ സമയത്തും “ഭോജ്‌ശാല സമുച്ചയത്തിൽ” പൂജകൾ നടത്താൻ അനുവദിക്കുന്ന ഒരു ക്രമീകരണം ഉണ്ടാക്കി, അതേസമയം മുസ്ലീങ്ങൾക്ക് വെള്ളിയാഴ്ചകളിൽ നമസ്കാരം തുടരാനും അനുമതി നൽകി. ഇപ്പോൾ, ഹൈക്കോടതിയുടെ നിലവിലെ നിർണായക വിധി തർക്കസ്ഥലം മുഴുവനായി ഹിന്ദുക്കളെ ഏൽപ്പിക്കുകയും, സമുച്ചയത്തിന്റെ യഥാർത്ഥ മതപരമായ സ്വഭാവം ഹിന്ദുവാണെന്ന് പ്രഖ്യാപിക്കുകയും, മുസ്ലീം സമുദായത്തിന് പള്ളി പണിയാൻ പകരം ഭൂമിയുടെ ആവശ്യകത നിർദ്ദേശിക്കുകയും ചെയ്യുന്നു. ഹിന്ദുത്വ ശക്തികൾ ഈ ഏകപക്ഷീയമായ വിധിയെ “ചരിത്രപരവും 700 വർഷത്തെ പോരാട്ടത്തിന്റെ ഫലവും” എന്ന് വിശേഷിപ്പിക്കുമ്പോൾ, 2019 നവംബർ 7-ലെ സുപ്രീം കോടതിയുടെ ചരിത്രപ്രധാനമായ വിധിയെ, അതായത് തർക്കത്തിലുള്ള മസ്ജിദ്-മന്ദിർ സ്ഥലം മുഴുവനായി രാമക്ഷേത്രം നിർമ്മിക്കുന്നതിനായി സർക്കാർ രൂപീകരിച്ച ട്രസ്റ്റിന് കൈമാറിയതിനെ ഇത് ഓർമ്മിപ്പിക്കുന്നു.

തീർച്ചയായും, ബാബറി മസ്ജിദിന്റെ കാര്യത്തിൽ നാം കണ്ട അതേ പാറ്റേണിന്റെ ദാരുണമായ ആവർത്തനമാണിത്. പതിറ്റാണ്ടുകൾ നീണ്ട നിയമപോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ, 1986 ഫെബ്രുവരിയിൽ ബാബറി മസ്ജിദിന്റെ അകത്തെ ഗേറ്റുകൾ തുറക്കാൻ ഒരു ജില്ലാ ജഡ്ജി ഉത്തരവിടുകയും, ഹിന്ദുക്കൾക്ക് പരിസരത്ത് പ്രവേശിച്ച് പൂജയും ദർശനവും നടത്താൻ ഔദ്യോഗികമായി അനുമതി നൽകുകയും ചെയ്തു. രഥയാത്രയുടെ ഫലമായി, ആ സ്ഥലം 1992-ൽ പൊളിച്ചുമാറ്റി. പിന്നീട് തർക്ക മന്ദിരം സുപ്രീം കോടതി ഹിന്ദു സമുദായത്തിന് വിട്ടുനൽകി. തുടർന്ന് അവിടെ രാമക്ഷേത്രം നിർമ്മിക്കപ്പെടുകയും, 2024 ലെ ചടങ്ങിൽ പ്രധാനമന്ത്രി മോദി തന്നെ പ്രധാന “യജമാനൻ” ആയി പങ്കെടുക്കുകയും ചെയ്തു.

കമാൽ മൗല മസ്ജിദിന്റെ കാര്യം ഒറ്റപ്പെട്ടതോ അവസാനത്തേതോ അല്ല. “പുതിയ ചരിത്ര രചനയിലേക്കും” അതിന്റെ നിർവ്വഹണത്തിലേക്കുമുള്ള നിയന്ത്രണങ്ങളില്ലാത്ത ഈ ഹിന്ദുത്വ നീക്കത്തിൽ, വാരണാസിയിലെ ഗ്യാൻവാപി മസ്ജിദും മഥുരയിലെ ഷാഹി മസ്ജിദും മറ്റും ഇതിനകം തന്നെ വരിയിലാണ്. ജുഡീഷ്യറി ഉൾപ്പെടെയുള്ള ഭരണകൂട അധികാരത്തിന്റെ എല്ലാ സ്ഥാപനങ്ങളും കാവിവൽക്കരിക്കപ്പെടുന്ന ഒരു സമയത്ത്, ന്യൂനപക്ഷങ്ങൾക്കുള്ള ഈ മതപരമായ അവകാശ നിഷേധം, അവർക്ക് വോട്ടവകാശവും പൗരത്വവും നിഷേധിക്കാനുള്ള നിലവിലെ ഭൂരിപക്ഷ നീക്കത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഒരു ഹിന്ദു രാഷ്ട്രത്തിലേക്കുള്ള ഈ ക്രൂരമായ ഭൂരിപക്ഷ ഫാസിസ്റ്റ് കടന്നാക്രമണങ്ങളെ ചെറുക്കുന്നതിന് വിട്ടുവീഴ്ചയില്ലാതെ, എല്ലാ മതേതര, ജനാധിപത്യ, ഫാസിസ്റ്റ് വിരുദ്ധ ശക്തികളും മുന്നോട്ട് വരേണ്ട സമയ അതിക്രമിച്ചിരിക്കുന്നു.

പി ജെ ജെയിംസ്
ജനറൽ സെക്രട്ടറി
സിപിഐ (എംഎൽ) റെഡ് സ്റ്റാർ

ന്യൂഡൽഹി
17. 05.2026

Related Articles

Leave a Comment