മന്ത്രിസഭയിൽ പോലും ചർച്ച ചെയ്യാതെ LDF സർക്കാർ ഒപ്പു വെക്കുകയും ജനങ്ങളുടെയും ഘടക കക്ഷികളുടെയും എതിർപ്പിനെ തുടർന്ന് താല്കാലികമായി പിൻവലിക്കുന്നുവെന്ന് പ്രഖ്യാപിക്കേണ്ടി വരുകയും ചെയ്ത പി.എം. ശ്രീ പദ്ധതിയുമായി UDF സർക്കാരും മുന്നോട്ട് പോകുന്നത് കേരളത്തിൽ RSS അജണ്ട നടപ്പാക്കുന്നത് തീവ്രമാക്കാൻ സഹായകമാകും.
ദേശീയ വിദ്യാഭ്യാസ നയം (NEP 2020) നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ഇന്ത്യാ ഗവൺമെന്റ് ആവിഷ്കരിച്ച രാജ്യത്തെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയായാണ് പി.എം. ശ്രീ (PM SHRI – PM Schools for Rising India) പദ്ധതി. രാജ്യത്തെ 14,500 സർക്കാർ സ്കൂളുകളെ മാതൃകാ സ്ഥാപനങ്ങളായി ഉയർത്തുന്നതിനായി ലക്ഷ്യമിടുന്നു എന്ന വ്യാഖ്യാനത്തോടെ വിദ്യാഭ്യാസ മേഖലയെ പൂർണ്ണമായി കാവിവൽകരിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുന്നതിന് വേണ്ടിയാണ് അടിസ്ഥാന സൗകര്യ വികസന മറവിൽ കേന്ദ്ര സർക്കാർ
പി. എം ശ്രീക്കായി ഫണ്ട് നീക്കിവെച്ചിരിക്കുന്നത്.
സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങളെ അട്ടിമറിച്ച GST നടപ്പാക്കിയതോടെ സംസ്ഥാന നികുതിയുടെ മുന്നിൽ രണ്ടും കേന്ദ്രവിഹിതമായതോടെ കേരളത്തിൻ്റെ റവന്യൂ വരുമാനം നേരിടുന്ന പ്രതിസന്ധിയെ ഉപയോഗപ്പെടുത്തിയാണ് BJP സർക്കാർ തങ്ങളുടെ ഹിന്ദുത്വ അജണ്ടയും കോർപ്പറേറ്റ് സ്വകാര്യവൽക്കരണ നയങ്ങളും സംസ്ഥാനങ്ങളിൽ നിർബന്ധിതമായി നടപ്പാക്കുന്നത്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനായിരിക്കും GST നടപ്പാക്കിയാൽ ഏറ്റവും വലിയ ഗുണമുണ്ടാകുക എന്ന് പ്രചരിപ്പിച്ച് GST ക്ക് ഇന്ത്യയിൽ ആദ്യ പിന്തുണ നൽകിയത് കേരളത്തിലെ LDF സർക്കാരായിരുന്നു.
എന്നാൽ, സംസ്ഥാനത്തിന് അർഹതപ്പെട്ട വിഹിതം പോലും നൽകാതെ കേന്ദ്രസർക്കാർ സംസ്ഥാനത്തെ സാമ്പത്തീക ഞെരുക്കത്തിൽ വരിഞ്ഞു മുറുക്കിയ സന്ദർഭത്തിൽ സ്വന്തം അവകാശം ചോദിച്ചു വാങ്ങുന്നതിന് പകരം ഏത് വിധേനയും കേന്ദ്രാവിഷ്‌കൃത ഫണ്ട് സമാഹരിക്കുക എന്ന ഉദ്ദേശ്യത്തോടെ സംഘപരിവാർ അജണ്ടക്ക് കീഴടങ്ങി വിദ്യാഭ്യാസ മേഖലയെ പൗരാണീക കാലഘട്ടത്തിലേക്ക് ആട്ടി പായിക്കുന്ന പി. എം ശ്രീ പദ്ധതി കരാറിൻ്റെ എം. ഒ യുവിൽ പിണറായി സർക്കാർ ഒപ്പിട്ടത് ഘടക കക്ഷികളുടെയോ സ്വന്തം പാർട്ടി സംവിധാനങ്ങളുടെയോ മന്ത്രിസഭയുടെ പോലുമോ അനുമതി ഇല്ലാതെയായിരുന്നു. CPI യുടെ ശക്തമായ നിലപാടിനെ തുടർന്ന് പി. എം ശ്രീ പദ്ധതി താൽക്കാലികമായി നിർത്തിവെയ്ക്കുന്നതിന് കേന്ദ്രസർക്കാരിന് കത്തുനൽകിയത് ഇത് സംബന്ധിച്ച് പഠിക്കാൻ സമയം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു. RSS പാഠ്യപദ്ധതി നടപ്പാക്കുന്നതിന് വേണ്ടിയുള്ള ഈ നിലപാടിനെ കേരള ജനത പരാജയപ്പെടുത്തി UDF ന് വൻഭൂരിപക്ഷം നൽകുകയായിരുന്നു. എന്നാൽ തങ്ങൾ അധികാരത്തിൽ വന്നാൽ PM ശ്രീ നടപ്പാക്കില്ലന്ന് വാഗ്ദാനം നൽകി അധികാരത്തിലേറിയ UDF സർക്കാർ പി. എം ശ്രീയിൽ നിന്ന് പിന്നോട്ടില്ല എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. 2026-ൽ അവസാനിക്കുന്ന ഈ വിദ്യാഭ്യാസ പദ്ധതിയുടെ കരാറുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കുന്ന 1600 കോടി രൂപ ലക്ഷ്യമിട്ട് നടത്തുന്ന UDF സർക്കാരിൻ്റെ തീരുമാനം സംസ്ഥാനത്ത് RSS ന് കൂടുതൽ നിയന്ത്രണ വിധേയമാക്കാനേ സഹായിക്കൂ. RSS പരിപാടിയിൽ ചാൻസലർമാർ പങ്കെടുക്കുന്ന നില സൃഷ്ടിച്ച RSS കാരനായ ഗവർണ്ണർ, വൈസ് ചാൻസലർമാരെ RSS പാളയത്തിൽ നിന്ന് നിയമിക്കുകയും ഭരണകാര്യങ്ങളിൽ നേരിട്ട് ഇടപെടുകയും ചെയ്തു തുടങ്ങിയിരിക്കുന്നു.
പി. എം. ശ്രീയുടെ മറവിൽ NEP 2020
യാഥാർത്യമാകുന്നതോടെ വിദ്യാഭ്യാസമേഖല പൂർണ്ണമായും ഹിന്ദുത്വ രാഷ്ട്രീയ തത്വശാസ്ത്രാധിഷ്ഠിതമാവുകയും ബൗദ്ധീകമായി മനുസ്മൃതി അടിസ്ഥാനത്തിലുള്ള ഉൽപ്പന്നമായി മനുഷ്യമനസ്സുകളെ രൂപപ്പെടുത്തുകയും ചെയ്യുന്ന തലമുറയെയാകും സൃഷ്ടിക്കപ്പെടുക. കേവലം സാമ്പത്തീക താല്പ്പര്യത്തിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയെ കാവിവൽക്കരണത്തിന് ഇടയാക്കുന്ന ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായ പി. എം.ശ്രീ പദ്ധതി UDF സർക്കാർ ഉപേക്ഷിക്കണമെന്ന് സി.പി.ഐ.(എം.എൽ) Red Star സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിക്കുന്നു
സെക്രട്ടറി,
സംസ്ഥാന കമ്മിറ്റി,
CPI (ML) Redstar
കേരളം.
എറണാകുളം
19/6/2026
