Home » ആൾക്കൂട്ടക്കൊലയ്ക്കെതിരെ ബിലാസ്‌പൂരിൽ കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധ സംഗമം

ആൾക്കൂട്ടക്കൊലയ്ക്കെതിരെ ബിലാസ്‌പൂരിൽ കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധ സംഗമം

by Jayarajan C N
ആൾക്കൂട്ടക്കൊലയ്ക്കെതിരെ ബിലാസ്‌പൂരിൽ കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധ സംഗമം

ജനുവരി 7-ന് ഛത്തീസ്‌ഗഢിലെ ബിലാസ്‌പൂരിൽ കുടിയേറ്റ തൊഴിലാളി സംഘടനകളുടെ മുന്നണിയും (PMSM) മറ്റ് സഖ്യക സംഘടനകളും ചേർന്ന് ഒരു പ്രതിഷേധ യോഗം സംഘടിപ്പിച്ചു. കേരളത്തിൽ വെച്ച് “ബംഗ്ലാദേശി” എന്ന് തെറ്റായി മുദ്രകുത്തി സംഘപരിവാർ ആൾക്കൂട്ടം തല്ലിക്കൊന്ന ഛത്തീസ്‌ഗഢ് സ്വദേശിയായ കുടിയേറ്റ തൊഴിലാളി രാംനാരായണൻ ഭാഗേലിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചായിരുന്നു ഈ യോഗം.
പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും പി.യു.സി.എൽ (PUCL) ദേശീയ സെക്രട്ടറിയുമായ ഭൻവർ മേഘ്‌വൻഷി യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. പി.എം.എസ്.എം കൺവീനറും ജി.എസ്.എസ് പ്രസിഡന്റുമായ സഖാവ് ലഖൻ സുബോധ് അധ്യക്ഷത വഹിച്ചു. രാംനാരായണൻ ഭാഗേലിന്റെ പത്നി ലളിത ചടങ്ങിൽ സവിശേഷ സാന്നിധ്യമായിരുന്നു. പി.യു.സി.എൽ സംസ്ഥാന ജനറൽ സെക്രട്ടറി സഖാവ് കലാദാസ് നടപടിക്രമങ്ങൾ നിയന്ത്രിച്ചു.
പി.യു.സി.എൽ സംസ്ഥാന പ്രസിഡന്റ് ജുനൂസ് തിർക്കി, നാടൻപാട്ട് കലാകാരി ആശ സുബോധ്, അഡ്വക്കേറ്റ് പ്രിയങ്ക ശുക്ല, ഇൻക്വിലാബി മസ്ദൂർ സംഘടന നേതാവ് സഖാവ് മൻഹരൻ യാദവ്, കുടിയേറ്റ തൊഴിലാളി സംഘടനയിലെ രാമേശ്വർ കുറ്രെ, സി.പി.ഐ നേതാവ് സഖാവ് ലഖൻ സിംഗ്, പാസ്റ്റർ അനീഷ് ചരൺ, ജാതി നിർമ്മാർജ്ജന പ്രസ്ഥാനത്തിന്റെ അഖിലേന്ത്യാ കൺവീനർ സഖാവ് തുഹിൻ, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സംസ്ഥാന വൈസ് പ്രസിഡന്റ് വാഹിദ് അലി സിദ്ദിഖി, ആം ആദ്മി പാർട്ടി നേതാവ് ജസ്ബീർ സിംഗ്, മുൻ ജഡ്ജി പ്രഭാകർ ഗ്വാൾ എന്നിവർ സംസാരിച്ചു. സഖാവ് കലാദാസും ആശ സുബോധും വിപ്ലവ ഗാനങ്ങൾ അവതരിപ്പിച്ചു.
രാജ്യത്തുടനീളം വെറുപ്പും വിഭജനവും പടർത്തുന്നതിനും മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ തുടങ്ങിയ ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും സ്ത്രീകൾക്കും ആദിവാസികൾക്കും എതിരെ വർഗീയ അക്രമങ്ങൾ അഴിച്ചുവിടുന്നതിനും ഭരണഘടനയെയും രാജ്യത്തിന്റെ ബഹുസ്വരതയെയും തകർക്കുന്നതിനും ഉത്തരവാദികൾ ആർ.എസ്.എസും ബജ്രംഗ് ദൾ, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ അനുബന്ധ സംഘടനകളുമാണെന്ന് യോഗം ഐകകണ്ഠ്യേന പ്രസ്താവിച്ചു. അതിനാൽ ഇത്തരം വർഗീയ സംഘടനകളെ നിരോധിക്കണമെന്ന് ഭരണകൂടത്തോട് യോഗം ആവശ്യപ്പെട്ടു.
രാംനാരായണൻ ഭാഗേലിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് കേരള, ഛത്തീസ്‌ഗഢ് സർക്കാരുകളോട് ആവശ്യപ്പെട്ടു. കൊലപാതകത്തിന് ഉത്തരവാദികളായ സംഘപരിവാർ ക്രിമിനലുകൾക്ക് കഠിനശിക്ഷ ഉറപ്പാക്കണമെന്നും കേരളത്തിലെ വർഗീയ ഫാസിസ്റ്റ് ഗുണ്ടാസംഘങ്ങളെ അടിച്ചമർത്താൻ കേരള സർക്കാർ കർശന നടപടികൾ സ്വീകരിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സംഘപരിവാറിനും അവരുടെ മനുസ്മൃതി അധിഷ്ഠിത ഹിന്ദുത്വ രാഷ്ട്ര പദ്ധതിക്കുമെതിരെ എല്ലാ പുരോഗമന ജനാധിപത്യ ശക്തികളെയും ചൂഷിത വിഭാഗങ്ങളെയും അണിനിരത്തി പാർലമെന്റ് മുതൽ തെരുവുകൾ വരെ ഐക്യദാർഢ്യത്തോടെയുള്ള പ്രതിരോധം തീർക്കുമെന്ന് യോഗം പ്രതിജ്ഞയെടുത്തു. സംസ്ഥാനത്തെ പ്രമുഖ ജനകീയ സംഘടനകളുടെ പ്രതിനിധികൾ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തു.

Related Articles

Leave a Comment